കട്ടപ്പന നഗരസഭയ്ക്കുള്ളിൽ ജോലി ചെയ്യുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്നതിനും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചതായി നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു

കട്ടപ്പന നഗരസഭയ്ക്കുള്ളിൽ ജോലി ചെയ്യുന്ന മുഴുവൻ അതിഥിത്തൊഴിലാളികളെയും നഗരസഭയിൽ രജിസ്റ്റർ ചെയ്യുന്നതിനും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചതായി നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.
പൊതുജനാരോഗ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന തൊഴിലുടമകളുടെയും ജോലിക്കാരെ നൽകുന്ന ഏജന്റുമാരുടെയും യോഗമാണ് ഈ തീരുമാനമെടുത്തത്. തൊഴിലാളികളുടെ ഇടയിൽ മലേറിയ, കുഷ്ഠം, ക്ഷയം, ഡെങ്കി, എച്ച്.ഐ.വി. എന്നിങ്ങനെയുള്ള രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നഗരസഭ യോഗം വിളിച്ചുചേർത്തത്. തൊഴിലുടമകളും ഏജന്റുമാരും തൊഴിലാളികളുടെ രജിസ്ട്രേഷൻ ജൂലൈ 15-ന് മുൻപായി പൂർത്തീകരിക്കേണ്ടതാണ്.
ജൂലൈ ആറാം തീയതി മുതൽ നഗരസഭയിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ ഫോമിനോടൊപ്പം തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി നൽകേണ്ടതാണ്. ജൂലൈ 26 മുതൽ 3 ഞായറാഴ്ചകളിലായി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ മുഴുവൻ തൊഴിലാളികളെയും പരിശോധിച്ച് രോഗബാധയില്ലാത്തവർക്ക് ഹെൽത്ത് കാർഡ് നൽകുന്നതും രോഗബാധിതരായവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കുള്ള ക്രമീകരണം ഏർപ്പെടുത്തുന്നതുമാണ്. രോഗവിമുക്തരാകുന്ന മുറയ്ക്ക് അവർക്കും ഹെൽത്ത് കാർഡ് നൽകും. അതിഥിത്തൊഴിലാളികളുടെ ക്ഷേമവും മറ്റുള്ളവരുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനാണ് നഗരസഭ ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതെന്ന് ചെയർപേഴ്സൺ അറിയിച്ചു.



























































































































