കേരളക്കരയ്ക്ക് പ്രിയമേറിയ മീനുകളില്‍ ഒന്നാണ് ചാള. ചാളയുടെ രുചിതന്നെയാണ് അതിന്റെ കാരണം. കേരളതീരത്ത് വലനിറയെ ചാള കിട്ടുന്ന കാലമാണിത്
തോപ്പുംപടി : കേരളക്കരയ്ക്ക് പ്രിയമേറിയ മീനുകളില്‍ ഒന്നാണ് ചാള. ചാളയുടെ രുചിതന്നെയാണ് അതിന്റെ കാരണം. കേരളതീരത്ത് വലനിറയെ ചാള കിട്ടുന്ന കാലമാണിത്.പതിവ് സീസണ്‍ കഴിഞ്ഞിട്ടും ചാള ഒഴുകിയെത്തുകയാണ്. പലയിടത്തും ചാളക്കൂട്ടം തീരത്ത് വന്നടിയുന്ന പ്രതിഭാസവുമുണ്ട്. സാധാരണ മേയ് മുതല്‍ മൂന്നുമാസമാണ് ചാള കൂടുതല്‍ ലഭിക്കുന്നത്. ഇക്കുറി ഫെബ്രുവരിയായിട്ടും ചാളയ്ക്ക് കുറവില്ല.
സീസണിന്റെ തുടക്കത്തില്‍ രുചിയുള്ള ചാളയാണ് ലഭിച്ചിരുന്നത്. പിന്നീട് രുചി കുറഞ്ഞു. കിലോയ്ക്ക് തുടക്കത്തില്‍ 300 രൂപവരെ ചില്ലറ വിലയുണ്ടായിരുന്നു. ഇപ്പോള്‍ 50 രൂപയ്ക്കുവരെ കിട്ടാനുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ ചാള ലഭിക്കുന്നതും വാങ്ങാനാളില്ലാത്തതും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ കിട്ടുന്ന ചാള, ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുകയാണ്.അതേസമയം, ആവശ്യക്കാര്‍ കുറഞ്ഞതോടെ ചാളയ്ക്ക് വിലയിടിഞ്ഞു. അടുത്ത കാലംവരെ തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ചാള കേരളത്തിലേക്ക് വന്നിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി.
കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചാള പ്രധാനമായും മംഗലാപുരത്തേക്കാണ് പോകുന്നത്. ഫിഷ് മീല്‍ (മീന്‍ തീറ്റ) കമ്ബനികളാണിത് വാങ്ങുന്നത്. കേരളത്തിന്റെ കടലോരങ്ങളില്‍ മൊത്തമായി വാങ്ങുമ്ബോള്‍ കിലോയ്ക്ക് 20-30 രൂപയ്ക്ക് ചാള കിട്ടും. ടണ്‍ കണക്കിന് ചാള ദിവസവും മംഗലാപുരത്തേക്ക് പോകുന്നുണ്ട്. വന്‍തോതില്‍ മത്സ്യകൃഷി നടത്തുന്നവര്‍ മീന്‍ തീറ്റ പുറമേ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. മീന്‍ തീറ്റയുടെ ഡിമാന്‍ഡ് കണ്ട് തമിഴ്നാട്ടിലും കര്‍ണാടകയിലും നിരവധി ഫാക്ടറികള്‍ തുടങ്ങിയിട്ടുണ്ട്. ഈ ഫാക്ടറികളാണ് കേരളത്തില്‍ വന്‍തോതില്‍ ലഭിക്കുന്ന ചാളയില്‍ കണ്ണ് വെച്ചിട്ടുള്ളത്. ചാളയ്ക്ക് വില കുറവാണെങ്കിലും വന്‍തോതില്‍ കിട്ടുന്നതിനാല്‍ തൊഴിലാളികള്‍ക്കും നഷ്ടമില്ല.