ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി; കുടുംബം ചികിത്സ നിഷേധിച്ചെന്ന വാദം തള്ളി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉമ്മൻചാണ്ടി തള്ളി. നിലവാരമുള്ള ചികിത്സ ലഭിച്ചെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചുവെന്നും തുടർചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആവശ്യപ്പെട്ടാൽ ആകാമെന്നും മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് ഉമ്മൻചാണ്ടിയെ കാൻസർ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.