സ്കൂള്‍ അടുക്കളപച്ചക്കറി തോട്ടപദ്ധതി സമ്പൂര്‍ണ്ണമാക്കി ഇടുക്കി ജില്ല
ജില്ലയിലെ എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചതായി പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി. എ. സന്തോഷ് ഇടമലക്കുടി ജി ടി എല്‍ പി സ്കൂളില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മ്മിക്കണം എന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ആഹ്വാനം ഏറ്റവും ആവേശത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കിയ ജില്ലയാണ് ഇടുക്കി. ഈ യത്നത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഏഴാം ക്ലാസ് വരെയുള്ള ഔപചാരിക വിദ്യാഭ്യാസം വ്യവസ്ഥാപിതമായി നടപ്പിലാക്കാന്‍ അടിയന്തിര പരിഗണനയോടെ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മുതുവാന്‍ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാനും ഭാഷാശേഷികള്‍ ഉറപ്പുവരുത്താനും ബി ആര്‍ സി യുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘പഠിപ്പുറസി’ പദ്ധതി മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ നിര്‍വഹണ ചുമതല സ്വമേധയാ ഏറ്റെടുത്ത് കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഇടമലക്കുടിയില്‍ വന്ന് താമസിച്ച് കുട്ടികളെ പരിശീലിപ്പിച്ച അധ്യാപികമാരെ അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ക്ക് ആദരസൂചകമായി ആശംസാപത്രം നല്‍കുന്നതാണ്. ഇടമലക്കുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസപരവും ആരോഗ്യസംബന്ധവുമായ കാര്യങ്ങളില്‍ നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ച സമഗ്രമായ ഒരു രേഖ തയാറാക്കി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനായി കലക്ടര്‍ക്ക് സമര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. ബിന്ദു അധ്യക്ഷത വഹിച്ചു. ഉച്ചഭക്ഷണ വിഭാഗം സീനിയര്‍ എ. എ. ബിജു വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഇടമലക്കുടി പഞ്ചായത്തംഗങ്ങളായ സെല്‍വരാജ്, വിമലാവതി, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ. എ. ബിനുമോന്‍, ഉച്ചഭക്ഷണവിഭാഗം സൂപ്രണ്ട് തോമസ്, സ്കൂള്‍ പ്രധാനാധ്യാപകന്‍ വാസുദേവന്‍ പിള്ള, പി ടി എ പ്രസിഡന്റ് കാന്തിരാജ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണ വിഭാഗത്തിന്റെ വകയായി എല്ലാ കുട്ടികള്‍ക്കും മധുരപലഹാരങ്ങളും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിന്റെ വകയായി കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. സ്കൂളില്‍ ഒരുക്കിയ അടുക്കള പച്ചക്കറിത്തോട്ടവും അടുക്കളയും ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു.
ജില്ലാ ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍ പി. ജെ. സൈമണ്‍ സ്വാഗതവും നൂണ്‍മീല്‍ ഓഫീസര്‍ എം. ഡി. രജി നന്ദിയും പറഞ്ഞു.