മാനവികതയുടെ കണ്ണുതുറപ്പിക്കാൻ ശാസ്ത്രത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മാനവികതയുടെ കണ്ണുതുറപ്പിക്കാൻ ശാസ്ത്രത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിക്കാനം എം ബി സി കോളേജിൽ സംഘടിപ്പിച്ച ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയുടെ കണ്ണുതുറപ്പിക്കാൻ ശാസ്ത്രത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, അതിൻ്റെ കീഴിലുള്ള വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 10 -14 തീയതികളിലായി കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കുട്ടിക്കാനം ക്യാമ്പസ്സിൽ നടക്കുന്ന 35 മത് കേരള ശാസ്ത്ര കോൺഗ്രസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീവിരുദ്ധതയുടെ ഇരിപ്പിടങ്ങൾ ആയിരുന്ന പല അനാചാരങ്ങളും ശാസ്ത്രത്തിന്റെ വളർച്ചയോടെ പിൻവലിഞ്ഞു. സമൂഹത്തെ പുരോഗമനപരമായി മാറ്റിമറിക്കാൻ കഴിയുന്ന ശാസ്ത്രത്തിന്റെ ശേഷിയിൽ വിശ്വാസമുള്ള ഏതൊരാളും കണ്ടുപിടുത്തങ്ങൾ കണ്ണു തുറപ്പിക്കുന്നിടത്ത് ഉറച്ചു നിൽക്കണമെന്നും അങ്ങനെ സമൂഹത്തെ പുരോഗതിയിലേക്ക്, മുന്നോട്ട് നയിക്കണമെന്നും ആ നിലപാട് സമൂഹത്തിലാകെ പ്രചരിപ്പിക്കാൻ കഴിയുമ്പോൾ സയൻസ് കോൺഗ്രസ് പോലുള്ള ഇത്തരം പരിപാടികൾ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര അവബോധത്തിന്റെ പാതയിൽ അചഞ്ചലമായി സഞ്ചരിച്ച ചരിത്രമാണ് കേരള സയൻസ് കോൺഗ്രസിന് ഉള്ളത്. വേദ ചിന്തകൾക്ക് അതീതമായി മനുഷ്യരെ ഒരുമിപ്പിക്കുന്ന ശാസ്ത്രീയ ചിന്തയും യുക്തിബോധവും വളർത്താൻ ഇത്തരം സമ്മേളനങ്ങൾക്ക് കഴിയണം. അതിനു സഹായകമായ, നവീനമായ അറിവുകളുടെ വെളിച്ചം സമൂഹത്തിന് പകർന്നുനൽകാൻ ഉപകരിക്കണം. നമ്മുടെ സമൂഹത്തെ പുരോഗമനപരമായ പാതയിലൂടെ മുന്നോട്ടു നയിക്കാൻ ശാസ്ത്ര കോൺഗ്രസ്സ് ഉതകണം.
ഇത്തവണത്തെ സയൻസ് കോൺഗ്രസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നാനോ സയൻസ് ടെക്നോളജി മനുഷ്യ ക്ഷേമത്തിന് എന്ന വിഷയത്തിലാണ്. ആധുനിക കാലത്ത് അതിവേഗത്തിൽ വളരുന്ന ശാസ്ത്രശാഖയാണ് നാനോ സയൻസും അതിലധിഷ്ഠിതമായ നാനോടെക്നോളജിയും. കാർഷിക നവീകരണത്തിനും രോഗനിർണയത്തിനും സങ്കീർണ്ണമായ ചികിത്സകളിലും തുടങ്ങി ബഹിരാകാശ ഗവേഷണത്തിലും വരെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ ജ്ഞാനശാഖയാണ് ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യജീവിതവുമായി ഇഴപിരിയാത്ത ബന്ധം ആണ് നാനോ സയൻസിനുള്ളത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ടു നടത്തുന്ന സയൻസ് കോൺഗ്രസിൽ ഉയർന്നുവരുന്ന ചർച്ചകൾ നാടിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും ഉതകുന്നതാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനവികതയുടെ കണ്ണുതുറപ്പിക്കാൻ ശാസ്ത്രത്തിന് കഴിയും. രോഗപ്രതിരോധ മാർഗങ്ങൾ ഒരുക്കിക്കൊണ്ട് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യുന്ന തരത്തിൽ ശാസ്ത്രം മാനവികതയുടെ കണ്ണ് തുറപ്പിച്ച ഘട്ടങ്ങളുണ്ട്.
ശാസ്ത്രത്തെക്കുറിച്ചുള്ള ശരിയായ ചരിത്രബോധം ഉണ്ടാവേണ്ടത് ഏറെ അനിവാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനുംമേൽ കാർമേഘങ്ങൾ വർധിക്കുന്നതായി കാണാം. ചതുർവർണ്യത്തിന്റെയും ജാതി വിവേചനങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാർമേഘം, അതിനെ വകഞ്ഞുമാറ്റി കൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും കടന്നുവന്നത്. അതിനൊപ്പമാണ് നമ്മുടെ ശാസ്ത്ര ചിന്തകളും വളരാൻ തുടങ്ങിയത്.
ശാസ്ത്ര നേട്ടങ്ങളെ താഴേക്കിടയിലുള്ള ജനങ്ങളിലേക്ക് വരെ അറിവുകൾ ആയും പ്രയോഗങ്ങൾ ആയും എത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കാലാവസ്ഥ-2023’ എന്ന പ്രത്യേക പതിപ്പ്, ‘ശാസ്ത്ര-സാങ്കേതിക വിദ്യയുടെ 50 വർഷം കേരളത്തിൽ- സമാഹാരം’ എന്നിവയുടെ പ്രകാശന കർമ്മം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.
യുവശാസ്ത്രഗവേഷകർക്കുള്ള പുരസ്കാരങ്ങളായ മുഖ്യമന്ത്രിയുടെ സുവർണ്ണ മെഡൽ, ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ, മികച്ച ഗവേഷകനുള്ള അവാർഡ് എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ശാസ്ത്ര കോൺഗ്രസിൽ അവതരിക്കപ്പെടുന്ന പ്രത്യേക പ്രഭാഷണങ്ങളുടെയും പ്രബന്ധങ്ങളുടെയും സമാഹാരം പ്രകാശിപ്പിച്ചു. ശാസ്ത്ര കോൺഗ്രസ് ഉത്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക സന്ദേശവും നൽകി.
വാഴൂർ സോമൻ എം.എൽ.എ.,35 മത് കേരള ശാസ്ത്ര കോൺഗ്രസ്സിന്റെ അധ്യക്ഷൻ പ്രൊഫ. സാബു തോമസ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാർ, കേരള വന ഗവേഷണ കേന്ദ്രം ഡയറക്റ്റർ ഡോ. ശ്യാം വിശ്വനാഥ്, മാർ ബസേലിയോസ് കോളേജ് ഡയറക്ടർ ഡോ.പ്രിൻസ് വർഗ്ഗീസ് സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.