എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
കൊച്ചി: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.വിവാദം മാദ്ധ്യമസൃഷ്ടിയാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. മാദ്ധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കൊന്നും വശംവദമാകാന്‍ പാര്‍ട്ടിയില്ല. വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരു അന്വേഷണവും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം നല്‍കിയിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് സംബന്ധിച്ച വിവാദത്തില്‍ തന്നെ ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്ത നല്‍കുന്ന മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ അവസാനം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റ് തിരുത്തല്‍ രേഖയിന്മേലുണ്ടായ ചര്‍ച്ചയ്ക്കിടെയാണ് ഇ പി ജയരാജനെതിരെ സാമ്ബത്തിക കുറ്റാരോപണമുയര്‍ന്നതെന്നാണ് വിവരം. എന്നാല്‍ തന്റെ മകന്‍ തുടങ്ങിവച്ച ബിസിനസ് സംരംഭമാണെന്നും, ഭാര്യ ബാങ്കില്‍ നിന്ന് വിരമിച്ചപ്പോഴുണ്ടായ ആനുകൂല്യങ്ങള്‍ മകന്റെ ആവശ്യപ്രകാരം ഇതില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു ഇ പി ജയരാജന്റെ വിശദീകരണം. തനിക്ക് പങ്കാളിത്തമില്ല. റിസോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിയമാനുസൃതമായ അനുമതിയുടെ ഭാഗമായിട്ടുള്ളതാണ്. നാല്പത് വര്‍ഷത്തിലധികമായി പൊതുജീവിതത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ വ്യക്തിഹത്യ നടത്താനാണ് ഇപ്പോള്‍ മന:പൂര്‍വ്വം ആരോപണമുയര്‍ത്തുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.