വനിതാ മുന്നേറ്റം; സംസ്ഥാനത്തെ കോളേജുകളില്‍ പഠിതാക്കളും അധ്യാപകരും കൂടുതലും സ്ത്രീകൾ
തൃശ്ശൂര്‍: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കൂടുതലും വനിതകൾ. പഠിതാക്കളും അധ്യാപകരും ഉയർന്ന യോഗ്യതയുള്ളവരും കൂടുതലും സ്ത്രീകളാണ്. ഇത് വർഷം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.
ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നടത്തുന്ന കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ 10,493 അധ്യാപകരിൽ 6,032 പേരും സ്ത്രീകളാണ്. ഗവേഷണ ബിരുദമുള്ള 4,390 അധ്യാപകരിൽ 2,473 പേരും സ്ത്രീകളാണ്.
സർക്കാർ കോളേജുകളിൽ 2018 ൽ ഗവേഷണ ബിരുദമുള്ള 423 പുരുഷ അധ്യാപകരുണ്ടായിരുന്നു. അത് ഇപ്പോൾ 561 ആയി ഉയർന്നു. അതേസമയം സ്ത്രീകൾ 374 ൽ നിന്ന് 647 ആയി ഉയർന്നു. എയ്ഡഡ് കോളേജുകളില്‍ 2018-ല്‍ 1,318 പുരുഷ അധ്യാപകര്‍ക്ക് ഗവേഷണ ബിരുദമുണ്ടായിരുന്നത് ഇപ്പോള്‍ 1356 ആയി. എന്നാല്‍, സ്ത്രീ അധ്യാപകര്‍ 1404-ല്‍നിന്ന് 1826-ല്‍ എത്തി.
ബിരുദ പഠനത്തിലുള്ള 3.02 ലക്ഷം വിദ്യാര്‍ഥികളില്‍ 1.98 ലക്ഷം പേരും പെണ്‍കുട്ടികളാണ്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 44,964 വിദ്യാര്‍ഥികളില്‍ 29,121 പേരും പെണ്‍കുട്ടികളാണ്.