കുതിച്ചുയര്‍ന്ന് എസ്എസ്എൽവി ഡി2; മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും
ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റേ (ഐഎസ്ആർഒ) ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി 2വിന്റെ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 9.18 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ചു.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 07, യുഎസ് കമ്പനി അന്‍റാരിസിന്‍റെ ജാനസ്–1, ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 പെൺകുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ് നിർമിച്ചത്. 2023 ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമാണിത്.
2022 ഓഗസ്റ്റ് 7ന് നടന്ന എസ്എസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു. ആദ്യവിക്ഷേപണം പരാജയപ്പെട്ടതിനാൽ സൂക്ഷ്മ പരിശോധനകൾ അടക്കം പൂർത്തിയാക്കിയാണ് വിക്ഷേപണത്തറയിലെത്തിച്ചത്. വിക്ഷേപണം നടത്തി 15 മിനിറ്റിനകം ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.