മാന്‍കൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറസ്റ്റില്‍
തൊടുപുഴ: മാന്‍കൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറസ്റ്റില്‍.
തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ലിബിന്‍ ജോണിനെയാണ് ഇടുക്കി വിജിലന്‍സ് സംഘം പിടികൂടിയത്. ഒരു ലക്ഷം രൂപയും മദ്യവുമാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരന്റെ വീട്ടില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് തൊടുപുഴ പൊലീസ് നടത്തിയ റെയ്ഡില്‍ മാന്‍കൊമ്ബിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് വനം വകുപ്പിന് കൈമാറുകയും തുടര്‍ന്ന് കേസെടുക്കുകയും ചെയ്തിരുന്നു.
ഈ കേസ് ഒതുക്കി തീര്‍ക്കാമെന്നും അറസ്റ്റ് ഒഴിവാക്കി തരാമെന്നും പറഞ്ഞാണ് റേഞ്ച് ഓഫീസര്‍ ലിബിന്‍ ജോണ്‍ കൈക്കൂലി ആവശ്യപ്പെട്ടത്. റേഞ്ച് ഓഫീസറുടെ ആവശ്യപ്രകാരം ഒരു കുപ്പി മദ്യം മുട്ടത്തുള്ള ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചു നല്‍കിയപ്പോള്‍ ഒരു ലക്ഷം രൂപ കൂടി ഉടന്‍ നല്‍കണമെന്നായി. കൈക്കൂലി തുക കുറച്ചു നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് റേഞ്ച് ഓഫീസര്‍ ശാഠ്യം പിടിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.