സുഹൃത്തിന്റെ പക്കൽ നിന്നും വാഹനം തട്ടിയെടുത്ത് പണയപ്പെടുത്തിയ കേസിൽ മൂന്ന് പേർ കട്ടപ്പന പൊലീസിന്റെ പിടിയിൽ. ആശുപത്രി ആവശ്യത്തിനാണെന്ന വ്യാജേന കൈക്കലാക്കിയ വാഹനം തമിഴ്നാട്ടിൽ എത്തിച്ചാണ് പ്രതികൾ പണയപ്പെടുത്തിയത്. പ്രതികൾക്കെതിരെ സമാനമായ മറ്റ് പരാതികളുമുണ്ടെന്ന് പൊലീസ്
സുഹൃത്തിന്റെ പക്കൽ നിന്നും വാഹനം തട്ടിയെടുത്ത് പണയപ്പെടുത്തിയ കേസിൽ മൂന്ന് പേർ കട്ടപ്പന പൊലീസിന്റെ പിടിയിൽ. ആശുപത്രി ആവശ്യത്തിനാണെന്ന വ്യാജേന കൈക്കലാക്കിയ വാഹനം തമിഴ്നാട്ടിൽ എത്തിച്ചാണ് പ്രതികൾ പണയപ്പെടുത്തിയത്. പ്രതികൾക്കെതിരെ സമാനമായ മറ്റ് പരാതികളുമുണ്ടെന്ന് പൊലീസ്.
2022 ഫെബ്രുവരിയിലാണ് വെളളയാംകുടി സ്വദേശിയായ അരുണിന്റെ സ്വിഫ്റ്റ് കാർ ഇയാളുടെ സുഹൃത്തായ പുളിയൻമല കുറ്റിയാനിക്കൽ വിഷ്ണു സുരേന്ദ്രൻ ( 28 ) തട്ടിയെടുത്തത്.തുടർന്ന് ഇയാൾ വാഹനം തമിഴ്നാട് കമ്പത്ത് എത്തിച്ച് 60,000 രൂപയ്ക്ക് പണയപ്പെടുത്തുകയായിരുന്നു.ഒന്നാം പ്രതിയായ വിഷ്ണുവിന്റെ സഹായികളായ പുളിയൻമല സ്കൂൾമേട് ദേവി ഇല്ലം ശിവകുമാർ മുരുകൻ ( 23 ) പുളിയൻമല ആനകുത്തി വെളുത്തേടത്ത് അനീഷ് രാജു ( 35 ) എന്നിവരും അറസ്റ്റിലായി.മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുവിനെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്ത് എറണാകുളത്ത് നിന്നാണ് പിടികൂടിയത്.
ഇയാൾക്കെതിരെ സമാനമായ ആറോളം പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.വിഷ്ണുവിനും കൂട്ടാളികൾക്കും സഹായം ചെയ്തു നൽകിയ തമിഴ്നാട് സ്വദേശിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ വിശാൽ ജോൺസന്റെ നിർദേശപ്രകാരം എസ് ഐ മാരായ ഡിജു ജോസഫ്, റ്റി ആർ മധു , സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി റ്റി സുമേഷ്,ജോബിൻ എബ്രഹാം,പ്രശാന്ത് മാത്യു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.