വാഹന രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പുമായി കേരളം; ഒന്നാം സംസ്ഥാനത്ത് തിരുവനന്തപുരം
തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ അതിവേഗം കീഴടക്കി പുത്തൻ വാഹനങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷം വലിയ മുന്നേറ്റമാണുണ്ടായത്. സർക്കാരിൻ്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത് ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ്.
കഴിഞ്ഞ വർഷം ഏഴ് ലക്ഷത്തിലധികം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 7,83,719 വാഹനങ്ങൾ. 2021ൽ ഇത് 7,65,596 ആയിരുന്നു. 2022 ൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷനിൽ രണ്ട് ശതമാനം വർധനയുണ്ടായിട്ടുണ്ട്.
2023ൻ്റെ തുടക്കം മുതൽ ഇതുവരെ 79,098 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1,65,19,624 വാഹനങ്ങളാണ് കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹന രജിസ്ട്രേഷനിൽ തിരുവനന്തപുരമാണ് സംസ്ഥാനത്ത് ഒന്നാമത്. കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.