റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്
ദില്ലി: റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി.ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു, ഈ വര്‍ഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറില്‍ റിപ്പോ നിരക്ക് 0.35 ശതമാനം ഉയര്‍ത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. 3.35 ശതമാനത്തില്‍ തുടരും.
ധന നയ സമിതിയിലെ 6 അംഗങ്ങളില്‍ 4 അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ ആണ് നിരക്ക് വര്‍ദ്ധനയെന്ന തീരുമാനം കൈകൊണ്ടത്. 2023-24 ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച പ്രതീക്ഷിക്കുന്നത് 6.4 ശതമാനമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും പരിഷ്കരിക്കും.
വളര്‍ച്ചയെ പിന്തുണയ്‌ക്കുമ്ബോള്‍ തന്നെ പണപ്പെരുപ്പം കുറയുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധ നല്‍കുമെന്ന് ധന നയ സമിതി വ്യക്തമാക്കി. ആഗോള സാമ്ബത്തിക സ്ഥിതി കുറച്ച് മാസങ്ങള്‍ക്ക് മുമ്ബുള്ളതുപോലെ ഭയാനകമല്ല എന്ന ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2023-24ല്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7 ശതമാനം ആയിരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
2023-24 ല്‍ പണപ്പെരുപ്പം മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് നാല് ശതമാനത്തേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കം, ആഗോള സാമ്ബത്തിക വിപണിയിലെ ചാഞ്ചാട്ടം, എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം, അസ്ഥിരമായ ക്രൂഡ് എന്നിവയില്‍ തുടരുന്ന അനിശ്ചിതത്വങ്ങളാല്‍ കൃത്യമായ വിശകലനം സാധ്യമാകുന്നില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.