കോട്ടയത്ത് രാജ്യാന്തര ചലച്ചിത്രമേള 24 മുതല്‍ 28വരെ അനശ്വര, ആശ തിയറ്ററുകളില്‍ നടക്കും
കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള 24 മുതല്‍ 28വരെ അനശ്വര, ആശ തിയറ്ററുകളില്‍ നടക്കും. അഞ്ചു ദിവസമായി നടക്കുന്ന മേളയില്‍ ലോക, ഇന്ത്യന്‍, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
സംഘാടക സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായും മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍. വാസവന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ സഹ രക്ഷാധികാരികളായും വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
കോട്ടയം ഫിലിം സൊസൈറ്റി അധ്യക്ഷന്‍ ജയരാജാണ് സമിതി ചെയര്‍മാന്‍. കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായരാണ് ഫെസ്റ്റിവല്‍ കണ്‍വീനര്‍. കേരള ചലച്ചിത്ര അക്കാദമി, കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
പ്രവേശനം പാസ് മൂലമായിരിക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ 150 രൂപയുമായിരിക്കും നിരക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നിര്‍മാതാവ് ജോയ് തോമസ്, പ്രകാശ് ശ്രീധര്‍, സി.എം.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. ജോഷ്വ, സംവിധായകന്‍ പ്രദീപ് നായര്‍ എന്നിവര്‍ സംസാരിച്ചു.