കാല്‍ നൂറ്റാണ്ടു മുമ്പ് അച്ഛനും മകനുമായി ചാക്കോ മാഷിനെയും ആട് തോമയെയും അനശ്വരമാക്കിയ ‘സ്ഫടികം’ സിനിമയുടെ രണ്ടാംവരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: കാല്‍ നൂറ്റാണ്ടു മുമ്പ് അച്ഛനും മകനുമായി ചാക്കോ മാഷിനെയും ആട് തോമയെയും അനശ്വരമാക്കിയ ‘സ്ഫടികം’ സിനിമയുടെ രണ്ടാംവരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍.28 വര്‍ഷം മുമ്പ് റിലീസ് ചെയ്ത സ്ഫടികത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ‘ഓര്‍മ്മയില്‍ സ്ഫടികം’ എന്നപേരില്‍ ഡര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചടങ്ങ് നടന്‍ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ഭദ്രന്‍, നിര്‍മ്മാതാവ് ഗുഡ്നൈറ്റ് മോഹന്‍, അഭിനേതാക്കളായ സ്ഫടികം ജോര്‍ജ്, അശോകന്‍, ചാലി പാല, ജോണി, ആര്യ അനൂപ്, മേക്കപ്പ് മാന്‍ പട്ടണം റഷീദ് എന്നിവര്‍ സംബന്ധിച്ചു.
സ്ഫടികത്തിന്റെ നിറംമങ്ങാത്ത ഓര്‍മ്മകളുമായി ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെത്തിയ ‘ചെകുത്താന്‍’ എന്ന ലോറിയുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി.
ചാക്കോമാഷിനെ അനശ്വരമാക്കിയ തിലകന്‍, കെ.പി.എ.സി ലളിത, നെടുമുടി വേണു, എന്‍.എഫ്. വര്‍ഗീസ്, രാജന്‍ പി.ദേവ്, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബഹദൂര്‍, ശങ്കരാടി, പറവൂര്‍ ഭരതന്‍, സില്‍ക്ക് സ്മിത, കാമറാമാന്‍ ജെ.വില്യംസ്, അഭിനേതാവും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍. ബാലകൃഷ്ണന്‍, പി.ഭാസ്കരന്‍, എഡിറ്റര്‍ എം.എസ്.മണി എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു. മരിച്ചുപോയ പ്രമുഖതാരങ്ങളുടെ മക്കളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ അതിഥികളായി.
ജയ്സാല്‍മീറില്‍ മറ്റൊരു സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്ന മോഹന്‍ലാല്‍ (ആട് തോമ) ചടങ്ങില്‍ നേരിട്ട് എത്തിയില്ലെങ്കിലും ശബ്ദസന്ദേശത്തിലൂടെ സദസിനെ അഭിസംബോധന ചെയ്തു.
സ്ഫടികത്തിന്റെ നവീകരിച്ച ഡിജിറ്റല്‍ രൂപം 9ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 1995 മാര്‍ച്ച് 30നായിരുന്നു ആദ്യ റിലീസ്.