നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നാളെ കര്‍ണാടകയില്‍ എത്തുന്നു
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നാളെ കര്‍ണാടകയില്‍ എത്തുന്നു.അടുത്തിടെ ഇത് മൂന്നാം തവണയാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തി വന്‍കിട പദ്ധതികള്‍ ഉദ്ഘാടനം നടത്തുന്ന രീതിതന്നെയാണ് കര്‍ണാടകയിലും പയറ്റുന്നത്. ഫെബ്രുവരി ആറിന് ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറി മോദി ഉദ്ഘാടനം ചെയ്യും. അന്ന് രാവിലെ ജി20 രാജ്യങ്ങളുടെ ഊര്‍ജസമ്മേളനവും ഉദ്ഘാടനം ചെയ്യും.
ജി20 രാജ്യങ്ങളുടെ എനര്‍ജി ട്രാന്‍സിഷന്‍ വര്‍ക്കിങ് ഗ്രൂപ്പിന്‍റെ ആദ്യസമ്മേളനമാണ് ഫെബ്രുവരി അഞ്ചുമുതല്‍ ഏഴുവരെ ബംഗളൂരു അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്നത്. ‘ശുദ്ധമായ ഊര്‍ജത്തിന്‍റെ ആഗോള ലഭ്യത’ വിഷയത്തിലൂന്നിയാണ് സമ്മേളനം. ജി20 അംഗങ്ങളടക്കം 150 പ്രതിനിധികള്‍ പങ്കെടുക്കും. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, യു.എ.ഇ, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ പ്രത്യേക അതിഥികളാകും. ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക്, ഐക്യരാഷ്ട്രസഭയുടെ അനുബന്ധ സംഘടനകള്‍ എന്നിവ സമ്മേളനത്തിന്‍റെ ഭാഗമാകും.
തുമകുരുവിലെ ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പിനും മോദി തറക്കല്ലിടും. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ കീഴിലാണ് 8484 ഏക്കറില്‍ ടൗണ്‍ഷിപ് വരുന്നത്. മൂന്ന് ഘട്ടങ്ങളിലായി പണിയുന്ന ടൗണ്‍ഷിപ് ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ വികാസത്തിന് മുതല്‍കൂട്ടാകും. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഇ20 ഇന്ധനവിതരണ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.
പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനമാണ് ഇ20. 2025ഓടെ ഈ ഇന്ധനം വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ധന ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ വിവിധ ഓയില്‍ കമ്ബനികള്‍ 2ജി-3ജി എഥനോള്‍ പ്ലാന്‍റുകള്‍ ഒരുക്കുകയാണ്. ഗ്രീന്‍ മൊബിലിറ്റി റാലിയും പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ് െചയ്യും. ഹരിത ഇന്ധനത്താല്‍ ഓടുന്ന വാഹനങ്ങളുടെ റാലിയാണിത്.
വോട്ടെടുപ്പ് ഏപ്രില്‍ 10ന് മുമ്ബെന്ന് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 10ന് മുമ്ബ് നടന്നേക്കുമെന്ന് ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിയില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്നും ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനാര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി 130 മുതല്‍ 140 സീറ്റുവരെ നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കട്ടീല്‍, കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ബി.ജെ.പിയുടെ ലക്ഷ്യമായ 150 സീറ്റ് തങ്ങള്‍ നേടുമെന്ന് അരുണ്‍സിങ് പറഞ്ഞു.