സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി രാസലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റ യുവാവ് അറസ്റ്റില്‍
കൊച്ചി: സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി രാസലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റ യുവാവ് അറസ്റ്റില്‍. പളളുരുത്തി എംഎല്‍എ റോഡില്‍ ചാണേപറമ്പ് വീട്ടില്‍ മുഹമ്മദ് അസ്‌ലമിനെയാണ്(31) എക്‌സെസ് സംഘം പിടികൂടിയത്.മൂന്ന് ഗ്രാം രാസലഹരിയുമായാണ് ഇയാള്‍ പിടിയിലായത്.
എക്‌സൈസ് സംഘം ഒരു പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇയാളോട് ലഹരി വസ്തു ആവശ്യപ്പെടുകയായിരുന്നു. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇത്തരത്തില്‍ പ്രതിയെ കുടുക്കിയത്. വലിയ അളവില്‍ ലഹരി ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ എത്തിയിട്ടുണ്ടെന്നും പൈസയുടെ കാര്യം നേരിട്ട് സംസാരിക്കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കലൂര്‍ എത്തണമെന്നും പറഞ്ഞു.
ടാക്‌സിയില്‍ കലൂര്‍ സ്റ്റേഡിയം റൗണ്ടിന് സമീപത്തുളള റോഡില്‍ വന്നിറങ്ങിയ ഇയാള്‍ എക്‌സൈസ് സംഘത്തെ കണ്ട ഉടനെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഓടുന്നതിനിടയില്‍ പ്രതി ലഹരിവസ്തു വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ പിന്നാലെ ഓടിയ സംഘം ഇയാളെ പിടികൂടി.
ബെംഗളൂരുവില്‍ വെച്ച് പരിചയപ്പെട്ട ഒരു ആഫ്രിക്കക്കാരന്‍ വഴിയാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്കെത്തിച്ചിരുന്നതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എക്‌സൈസ് സി ഐ എം സജീവ് കുമാറിന്റെയും ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്കുമാര്‍ എന്നിവരുടെയും നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.