മതനിന്ദാപരമായ ഉള്ളടക്കം; വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ
ഇസ്‍ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് വെബ് സൈറ്റായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരാമർശം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു.
വിദ്വേഷ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ച് ടെലികോം അതോറിറ്റി ഓഫ് പാകിസ്ഥാൻ (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. അതേസമയം, ഏത് തരം വിവരങ്ങളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.
മതനിന്ദാപരമായ പരാമർശം നീക്കം ചെയ്യാനുള്ള നിർദ്ദേശം വിക്കിപീഡിയ പാലിക്കുകയോ അധികാരികൾക്ക് മുന്നിൽ ഹാജരാകുകയോ ചെയ്തിട്ടില്ലെന്നും പിടിഎ വ്യക്തമാക്കി. മുൻപും പാകിസ്ഥാൻ പല വെബ്സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.