ഇന്ത്യൻ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചത് മൂലം യുഎസിൽ ഒരു മരണം; കമ്പനിയില്‍ റെയ്ഡ്
ചെന്നൈ: യു എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ റെയ്ഡ്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും തമിഴ്നാട് ഡ്രഗ് കൺട്രോളറും ചെന്നൈയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിൽ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തി. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ തുള്ളിമരുന്നിന്‍റെ സാമ്പിളുകൾ ഉൾപ്പെടെ ശേഖരിച്ചതായി അധികൃതർ അറിയിച്ചു.
ഗ്ലോബൽ ഫാർമയുടെ ‘എസ്രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ലൂബ്രിക്കന്‍റ് ഐ ഡ്രോപ്സ്’ ഉപയോഗിച്ചതിനെ തുടർന്ന് യുഎസിൽ ഒരു മരണം സംഭവിച്ചതായാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അവകാശവാദം. കണ്ണിലെ അണുബാധയും കാഴ്ച നഷ്ടവും ഉൾപ്പെടെ 55 ലധികം അത്യാഹിതങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച്, ഈ തുള്ളിമരുന്ന് കണ്ണിൽ അണുബാധയ്ക്കും കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകും.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് ഗ്ലോബൽ ഫാർമ യുഎസ് വിപണിയിൽ നിന്ന് വിവാദ തുള്ളിമരുന്ന് പിൻവലിച്ചു. മരുന്ന് ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും മരുന്ന് ഉപയോഗിച്ച ആർക്കെങ്കിലും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടണമെന്നും കമ്പനി അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ ഗ്ലോബൽ ഫാർമയിൽ റെയ്ഡ് നടത്തിയത്.