മധ്യസ്ഥ ചർച്ചകൾ തുടരുന്നു, നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ട: കേന്ദ്ര സര്‍ക്കാർ
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി മധ്യസ്ഥ ചർച്ചകൾ നടക്കുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ ദുബായിൽ മധ്യസ്ഥരുമായി നേരിട്ട് ചർച്ച നടത്തും.
കേസിന്‍റെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ മോചനത്തെക്കുറിച്ച് ആശങ്ക ഉയർന്നത്. യെമൻ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കാൻ പോകുന്നു എന്നതിനർത്ഥം ശിക്ഷ വേഗത്തിലാക്കുന്നു എന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ കേന്ദ്രസർക്കാരിൻ്റെ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു.
കൊല്ലപ്പെട്ട യെമൻ പൗരന്‍റെ ബന്ധുക്കളോട് മധ്യസ്ഥർ വഴി കേന്ദ്ര സർക്കാർ ചർച്ച നടത്തുകയാണ്. വിമതരുടെ നിയന്ത്രണത്തിന് കീഴിലുള്ള പ്രദേശമായതിനാൽ യെമൻ സർക്കാരിന് ഇടപെടാൻ കഴിയില്ല. മധ്യസ്ഥരുമായി നേരിട്ട് ചർച്ച നടത്താൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ ദുബായിലെത്തും. അതേസമയം അന്താരാഷ്ട്ര സമൂഹത്തിലെ സ്വാധീനം ഇന്ത്യ ഉപയോഗിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. 2017ലാണ് യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശിനി നിമിഷപ്രിയ ജയിലിലായത്.