ഇടുക്കിയെ ചേര്‍ത്തുപിടിച്ച ബജറ്റ് : മന്ത്രി റോഷി അഗസ്റ്റിന്‍
*മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് നേഴ്സിംഗ് കോളേജ്
*ഇടുക്കി പാക്കേജ് – 75 കോടി
*ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ്
*മെഡിക്കല്‍ കോളേജ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശ്വാസ് കേന്ദ്രം
*ഇടുക്കി മിനി സിവില്‍ സ്റ്റേഷന് 10 കോടി
*മെഡിക്കല്‍ കോളേജ് – ചെറുതോണി ബസ്റ്റാന്‍റ് ഇന്‍റേണല്‍ റോഡ് 5 കോടി
*ഇടുക്കി തങ്കമണി സ്റ്റേഡിയം 1.5 കോടി
*കട്ടപ്പന കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍
*കലക്ട്രേറ്റിനോട് ചേര്‍ന്ന് സ്റ്റേറ്റ് ചേമ്പര്‍
ഇടുക്കി മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് നേഴ്സിംഗ് കോളേജ് അനുവദിച്ചിരിക്കുന്നത് ജില്ലയിലെ മെഡിക്കല്‍ വിദ്യാഭ്യസരംഗത്ത് പുതിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കും. ആരോഗ്യമേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യുവജനങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും. മെഡിക്കല്‍ കോളേജിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണത്തിനായും പുതിയ ബസ്റ്റാന്‍റില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് ഇന്‍റേണല്‍ റോഡുകള്‍ നിര്‍മ്മിക്കാനും മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കുന്നതിനായി ആശ്വാസ് വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ട നേട്ടമാണ്.
ഇടുക്കി പാക്കേജിന് 75 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിലൂടെ ഇടുക്കിയുടെ അടിസ്ഥാന വികസനത്തിനും കാര്‍ഷികമേഖലയുടെ മുന്നേറ്റത്തിനും ഉതകുന്ന പദ്ധതികളാണ് നടപ്പിലാവുക. പക്കേജില്‍ ഇടുക്കി നിയോജമണ്ഡലത്തിന് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. പ്രളയവും കോവിഡും ഏറെ ബാധിച്ച കാര്‍ഷിക മേഖലയ്ക്ക് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഈ പാക്കേജിലൂടെ ലഭിക്കുമെന്ന് പ്രത്യാശിക്കുകയാണ്.
ഇടുക്കി മിനി സിവില്‍ സ്റ്റേഷന് 10 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. 2013-ല്‍ ഇടുക്കി താലൂക്ക് അനുവദിച്ചെങ്കിലും ഓഫീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ കെട്ടിട സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കേണ്ട വിവിധ ഓഫീസുകള്‍ക്ക് മിനി സിവില്‍ സ്റ്റേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കഴിയും. കളക്ട്രേറ്റില്‍ സ്റ്റേറ്റ് ചേമ്പര്‍ വരുന്നതോടുകൂടി ഭരണതലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള മേല്‍നോട്ടവും ഏകോപന പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ സാധിക്കും.
ജില്ലയിലെ മുട്ടത്തുള്ള കിൻഫ്ര സ്‌പൈസസ് പാർക്കിന് 4.5 കോടി രൂപ അനുവദിച്ചതും നേട്ടമാണ്. ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് സാധ്യതമാകുന്നതോടുകൂടി ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം കുറിക്കുവാന്‍ സാധിക്കും. ജില്ലാ ആസ്ഥാനത്ത് സാംസ്കാരിക വകുപ്പിന്‍റെ മള്‍ട്ടിപ്ലക്സ് തീയറ്റേറും കെ.എസ്.ആര്‍.റ്റി.സി. ഓപ്പറേറ്റിംഗ് സെന്‍റര്‍, യാത്ര ഫ്യുവല്‍ സ്റ്റേഷന്‍, വ്യവസായ വകുപ്പിന്‍റെ കീഴില്‍ ഫുഡ് പാര്‍ക്ക് എന്നിവയും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളാണ്.
കട്ടപ്പന പി.എസ്.സി. ആസ്ഥാന മന്ദിര നിര്‍മ്മാണം, കട്ടപ്പന കരിയര്‍ ഡെവലപ്മെന്‍റ് സെന്‍റര്‍, പനംകുട്ടി, അയ്യപ്പന്‍ കോവില്‍, അറക്കുളം മണപ്പാടി എന്നിവിടങ്ങളില്‍ പാലങ്ങളുടെ നിര്‍മ്മാണം, കാഞ്ഞാര്‍ പാലത്തിന്‍റെ ഇരുവശത്തിലും നടപ്പാത നിര്‍മ്മാണം എന്നിവയും ബജറ്റില്‍ ഇടംപിടിച്ചിടുണ്ട്.
ഇടുക്കിയിലെ പ്രധാന പൊതുമരാമത്ത് റോഡുകളുടെ നവീകരണപ്രവൃത്തനങ്ങള്‍ക്ക് ബജറ്റില്‍ പ്രൊവിഷന്‍ നല്‍കിയിട്ടുണ്ട്. കല്ലാര്‍കുട്ടി-തിങ്കള്‍ക്കാട്-പറുസിറ്റി റോഡ്, വെള്ളയാംകുടി-ഗവ.കോളേജ്, കട്ടപ്പന ബൈപ്പാസ് റോഡ്, പൊന്‍മുടി-പണിക്കന്‍കുടി റോഡ്, ചിന്നാര്‍-മങ്കുവ-ഇഞ്ചത്തൊട്ടി-പനംകുട്ടി റോഡ്, ചെറുതോണി-തീയറ്റേര്‍പ്പടി-താന്നിക്കണ്ടം-വാഴത്തോപ്പ്-കുതിരക്കല്ല്-മരിയാപുരം റോഡ്, ചെറുതോണി-വാഴത്തോപ്പ്-മണിയാറന്‍കുടി റോഡ്, ടണല്‍ ജംഗ്ഷന്‍-നരിയാമ്പാറ-കല്‍ത്തൊട്ടി റോഡ്, കാഞ്ഞാര്‍-പുള്ളിക്കാനം റോഡ്.
ചേലച്ചുവട്-വണ്ണപ്പുറം, അടിമാലി-നത്തുകല്ല് എന്നീ റോഡുകള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതിന് നടപടി പൂര്‍ത്തിയായിവരികയാണ്. മലയോര ഹൈവയുടെ ഭാഗമായി കരിന്തിരി-ചപ്പാത്ത് മുതല്‍ കട്ടപ്പനവരെ മൂന്ന് റീച്ചുകളായി നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കിവരുന്നുണ്ട്.