മിഷന്‍ അന്ത്യോദയ സര്‍വ്വെ 2022;ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
പദ്ധതി ഫണ്ട് വിനിയോഗം കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിക്കുന്നതിന് വിവര ശേഖരം നിര്‍ണ്ണായകമാണെന്നും, വരുമാനം വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ജില്ലയുടെ വിഭവങ്ങളും സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഉതകുന്ന വിധത്തില്‍ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ കഴിയട്ടെയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അഭിപ്രായപ്പെട്ടു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിവരശേഖരണം നടത്തി 45 അടിസ്ഥാന സൗകര്യ മേഖലകളെ ജിയോ ടാഗിങ് ചെയ്യുന്ന സര്‍വ്വെയുമായി ബന്ധപ്പെട്ട ജില്ലാതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ 21 വിഷയ മേഖലകളില്‍ 182 ഘടകങ്ങളെ അടിസ്ഥാനമാക്കി 216 ഡാറ്റാ പോയിന്റുകളിലൂടെയാണ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിവരശേഖരണം നടത്തുന്നത്. മിഷന്‍ അന്ത്യോദയ സമ്പൂര്‍ണ്ണ ഗ്രാമീണ പരിവര്‍ത്തനം ലക്ഷ്യം വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പരിപാടിയാണ്. മിഷന്‍ അന്ത്യോദയ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന ഭാഗമാണ് രാജ്യത്തുടനീളമുള്ള ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഷിക സര്‍വ്വെ. ഓരോ ഗ്രാമപഞ്ചായത്തിലെയും വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും, വികസന പ്രശ്‌നങ്ങളും വിടവുകളും കണ്ടെത്തി, ഗ്രാമപഞ്ചായത്ത് വികസന പദ്ധതികള്‍ (ജിപിഡിപി) തയ്യാറാക്കുന്ന വേളയില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കുകയാണ് സര്‍വെ ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യം, മാനവവികസനം, സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സൂചികകള്‍ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തുകളെ ഗ്രേഡ് ചെയ്യുകയും വില്ലേജ് തലത്തില്‍ വികസന വിടവുകള്‍ കണ്ടെത്തി അവ നികത്തുന്നതിന് ആവശ്യമായ വിവരാധിഷ്ഠിത പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുകയാണ് സര്‍വ്വെയിലൂടെ നിര്‍വ്വഹിക്കുന്നത്.
മിഷന്‍ അന്ത്യോദയ സര്‍വ്വെ 2022-ന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ചുമതല സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ക്കാണ്. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായും, ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പ്രോജക്ട് ഡയറക്ടര്‍, റൂറല്‍ ഡെവലപ്പ്‌മെന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊഴിലുറപ്പ്, തുടങ്ങിയവരാണ് അംഗങ്ങളായുള്ളത്. ജില്ലാതല നോഡല്‍ ഓഫീസര്‍മാരായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും ബ്ലോക്കുതല നോഡല്‍ ഓഫീസര്‍മാരായി ഗ്രാമ വികസന വകുപ്പിലെ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് ഇന്‍ഫ്രാസ്ട്രക്ചടര്‍, പഞ്ചായത്ത് സര്‍വ്വീസസ്, വില്ലേജ് ഇന്‍ഫ്രാസ്ട്രക്ടര്‍, വില്ലേജ് സര്‍വ്വീസസ്, വില്ലേജ് പ്രാക്ടീസസ് എന്നീ അഞ്ച് തലങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വ്വേയിലെ ചോദ്യങ്ങള്‍. രാജ്യമെമ്പാടുമായി 92,000 ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയോഗിച്ചാണ് സര്‍വ്വെ നടത്തുന്നത്. എന്‍.ഐ.സി വികസിപ്പിച്ചെടുത്ത മൊബൈല്‍ അധിഷ്ടിത ആപ്ലിക്കേഷനിലൂടെ ഓരോ വില്ലേജിനേയും സംബന്ധിക്കുന്ന വിവരങ്ങള്‍ മൂന്ന് ദിവസങ്ങള്‍കൊണ്ട് ഒരു ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ (സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍) ശേഖരിച്ച് രേഖപ്പെടുത്തും.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ.സാബു വര്‍ഗീസ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ്, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി തോമസ്, റൂറല്‍ ഡെവലപ്‌മെന്റ് പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, വനിതാ ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ റേച്ചല്‍ ഡേവിഡ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ജില്ലാ ഓഫീസര്‍ പ്രിയദര്‍ശിനി പി.ഡി. തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു. 70പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.