ഡോക്‌ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെ ഒ.പി പ്രവര്‍ത്തനം താളംതെറ്റുന്നു
ബത്തേരി: ഡോക്‌ടര്‍മാരുടെ കുറവിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലെ ഒ.പി പ്രവര്‍ത്തനം താളംതെറ്റുന്നു.അതിരാവിലെ മുതല്‍ ഓ.പിയിലെത്തുന്ന ആയിരത്തോളം രോഗികളെ നോക്കാന്‍ ഒരു ഡോക്‌ടര്‍ മാത്രമാണുണ്ടായിരുന്നത്. ഇതോടെ പ്രായമായവരും കുട്ടികളുമടക്കം മണിക്കൂറുകളോളമാണ് കാത്തിരുന്ന് വലഞ്ഞത്. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
രാവിലെ ഏഴുമണിമുതല്‍ താലൂക്ക് ആശുപത്രി ഓപിയിലെത്തുന്ന രോഗികളാണ് ഡോക്‌ടര്‍മാരുടെ കുറവുകാരണം വലയുന്നത്. കഴിഞ്ഞ ദിവസം നൂറുകണക്കിന് രോഗികളാണ് പത്തുമണിയാവുമ്ബോഴേക്കും ചികിത്സ തേടിയെത്തിയത്. എന്നാല്‍ ഇവരെ നോക്കാന്‍ ആകെ ഉണ്ടായിരുന്നത് ഒരു ഡോക്‌ടര്‍ മാത്രം. ഇതോടെ പ്രായമായവരും കുട്ടികളും ആശുപത്രിക്കുള്ളില്‍ അവശതയോടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്‌ഥയുമുണ്ടായി. ഇതോടെ രോഗികളും കൂടെയുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലിസെത്തി ആശുപത്രി അധികൃതരും രോഗികളുമായി സംസാരിച്ചാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ അവസ്‌ഥയായിരുന്നു ഒ.പിയില്‍. നിലവില്‍ നാല് ഡോക്‌ടര്‍മാരെങ്കിലും ഒ.പിയില്‍ ഉണ്ടങ്കില്‍ മാത്രമേ ഇത്രയും രോഗികളെ പരിശോധിക്കാനാവു. നിലവിലുള്ളവര്‍ അധിക ജോലിചെയ്‌താണ് ഇപ്പോള്‍ ഒ.പിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെ അപര്യാപ്‌തത മൂലം ആശുപത്രിലെത്തുന്ന രോഗികളും അധികൃതരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരിക്കുകയാണ്.