ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കായി ജീവിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീട്ടുകാര്‍ വീണ്ടും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം
തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കായി ജീവിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീട്ടുകാര്‍ വീണ്ടും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം.മുന്‍പും ഈ ആരോപണം ഉയര്‍ന്നപ്പോഴാണ് പാര്‍ട്ടിക്കാര്‍ അടക്കം ഇടപെട്ട് അദ്ദേഹത്തെ ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുപോയത്. ഭാര്യയുടെയും മകന്റെയും വിശ്വാസപ്രമാണങ്ങള്‍ കാരണമാണ് ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കാതിരിക്കുന്നത് എന്നായിരുന്നു മുന്‍പ് പ്രചരിച്ചിരുന്നത്. ഈ പ്രചരണത്തോടെയാണ് അദ്ദേഹം ജര്‍മ്മനിയിലേക്ക് ചികിത്സക്ക് വിമാനം കയറിയതും. അതിന് ശേഷം, നാട്ടില്‍ തിരിച്ചെത്തിയ ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ചികിത്സ വൈകുന്നതാണ് ഇപ്പോള്‍ മറ്റൊരു ആശങ്കയായി മാറുന്നത്. അവിടെയും തടസമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ വീട്ടുകാര്‍ തന്നെയാണെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
2015 മുതല്‍ തുടങ്ങിയാണ് ഉമ്മന്‍ ചാണ്ടിക്ക് തൊണ്ടയിലെ പ്രശ്‌നങ്ങള്‍. അതിന് ശേഷം കാന്‍സറാണെന്ന് 2019ല്‍ തിരിച്ചറിയുകയും ചെയ്തു. ഇതിന് ശേഷവും കൃത്യമായി ചികിത്സ ലഭ്യമാക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതും ശബ്ദം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതും. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ചികിത്സ നിഷേധിക്കുന്നു എന്നതാണ് സുഹൃത്തുക്കളെ ആശങ്കപ്പെടുത്തുന്ന കാര്യം. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് ബെംഗളൂരു ആശുപത്രിയില്‍ തന്നെ തുടര്‍ചികിത്സ നടത്തണമെന്നാണ് സുഹൃത്തുക്കളുടെ നിര്‍ദ്ദേശം. ഇത് വകവെക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നില്ലെന്നതാണ് ഉയരുന്ന ആക്ഷേപവും. ഇതിനിടെ അദ്ദേഹത്തിന് വീണ്ടും ശബ്ദം ന്ഷ്ടമായ അവസ്ഥയിലാണുള്ളതും. ഇതിനിടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവസ്ഥ വിവരിക്കുന്ന മെഡിക്കല്‍ രേഖകള്‍ പ്രചരിക്കുന്നത്.
ബെംഗളൂരുവിലെ എച്ച്.സി.ജി. കാന്‍സര്‍ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടര്‍ചികിത്സയ്ക്ക് ഒമ്ബതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് കൃത്യസമയത്ത് ചികിത്സ നല്‍കേണ്ടവര്‍ പോലും അതിന് താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരെ കാണണം എന്ന ആഗ്രഹം കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നത്. ഇതിന് ശേഷം ജനുവരി 9ന് തുടര്‍ചികിത്സ നടത്തേണ്ടതുമായിരുന്നു. അന്ന് തിരിച്ചു പോയില്ല. അതിന് ശേഷം ജനുവരി 18ന് ചികിത്സക്ക് കൊണ്ടുപോകേണ്ട സമയത്തും ആരും അദ്ദേഹത്തെ തുടര്‍ചികിത്സക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ല.
ഇതിനിടെ ചികിത്സ വൈകുന്നതില്‍ ആശങ്കയുള്ള മകള്‍ അച്ചു ഉമ്മന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി പിതാവിനെ ചികിത്സക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അതിലും എതിര്‍പ്പുകളുണ്ടായി. നാട്ടുകാര്‍ കൂടി ഇടപെട്ട് ചികിത്സ കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ അതിന് സമ്മതിക്കാത്ത അവസ്ഥ ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തോളമായി കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണ് മുന്‍ മുഖ്യമന്ത്രി.
തൊണ്ടയിലാണ് ഉമ്മന്‍ ചാണ്ടിക്ക് രോഗബാധ. ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ അദ്ദേഹത്തിന് ഇതിനായി ലേസര്‍ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാല്‍, തുടര്‍ചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാന്‍ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക. നിലവില്‍ ജഗതിയിലെ വീട്ടില്‍ പൂര്‍ണവിശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി. സന്ദര്‍ശകരെ തീരേ അനുവദിക്കുന്നുമില്ല.
കീമോ, റേഡിയേഷന്‍ ചികിത്സയും ആരോഗ്യം വീണ്ടെടുക്കാനുള്ള ആഹാരക്രമവുമാണ് ബെംഗളൂരു എച്ച്.സി.ജി. ആശുപത്രിയിലെ ഡോ. യു.എസ്. വിശാല്‍ റാവു നിര്‍ദ്ദേശിച്ചത്. ആശുപത്രി എക്സിക്യുട്ടീവ് ചെയര്‍മാന്‍ ഡോ. ബി.എസ്. അജയ്കുമാര്‍ ജീനോമിക് പ്രൊഫൈലിങ്, മൈക്രോബയോം പ്രൊഫൈലിങ് എന്നിവയും കീമോ, റേഡിയേഷന്‍ തെറാപ്പിയും നിര്‍ദ്ദേശിച്ചെന്ന് ബെംഗളൂരു ആശുപത്രിയിലെ ചികിത്സാസംഗ്രഹത്തില്‍ പറയുന്നു.
2015 മുതലാണ് ഉമ്മന്‍ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തിരക്കുപിടിച്ച നേതാവായതിനാല്‍ അദ്ദേഹം സ്വന്തം കാര്യത്തില്‍ കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അന്ന് തൊണ്ടയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ തിരുവനന്തപുരത്ത് ഇഎന്‍ടി ഡോക്ടറെ കണ്ട് ചികിത്സ തേടി. ആറ് മാസത്തോളം അന്ന് ചികിത്സ തേടുകയുണ്ടായി. തുടര്‍ന്ന് അങ്കമാലിയിലെ സിദ്ധ, നാച്ചുറോപ്പതി ചികിത്സ തേടുകയാണ് ഉണ്ടായത്. ഇതിന് ശേഷം 2019 ല്‍ ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. തൊണ്ടയില്‍ ചെറിയ വളര്‍ച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അമേരിക്കയില്‍ ചികിത്സ നടത്തിയത്. അന്ന് പെറ്റ് സ്‌കാന്‍ അടക്കം നടത്തി രോഗനിര്‍ണയം നടത്തുകയുണ്ടായി.
വെല്ലൂരിലെ ചികിത്സയില്‍ തൊണ്ടയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വ്യക്തമായി. പിന്നീട് തിരുവനന്തപുരത്തെ ആര്‍സിസിയില്‍ ചികിത്സനേടിയെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ തുടരുന്ന സാഹചര്യം ഉണ്ടായില്ല. ഇതിനിടെ ഡെങ്കിപ്പനി പിടികൂടിയതു കൊണ്ട് ആയുര്‍വേദ ചികിത്സയാണ് തുടര്‍ന്ന് നടത്തിയത്. ഇടക്കാലം കൊണ്ട് വേണ്ടത്ര ചികിത്സ നേടിതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് വിഷയം പൊതുജന മധ്യത്തിലേക്ക് വന്നത്.
ഭാര്യയും മക്കളും ഇടക്കാലം കൊണ്ട് പെന്തകോസ്ത് വിശ്വാസത്തിലേക്ക് നീങ്ങിയതാണ് ഉമ്മന്‍ ചാണ്ടിക്ക് കൃത്യസമയത്ത് ചികിത്സ നിഷേധിക്കപ്പെടാന്‍ ഇടയാക്കിയതെന്ന ആക്ഷേപം ശക്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ തുടര്‍ ചികിത്സക്ക് കൊണ്ടുപോകേണ്ട മകന്‍ ചാണ്ടി ഉമ്മന്‍ ഈ സമയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയായിരുന്നു. നേരത്തെ ബെര്‍ലിനില്‍ ഉമ്മന്‍ ചാണ്ടിയെ ചികിത്സക്ക് കൊണ്ടുപോയത്് ചാണ്ടി ഉമ്മന്‍, മകള്‍ മറിയ, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ ചേര്‍ന്നായിരുന്നു. മറ്റൊരു മകള്‍ അച്ചു ഉമ്മനും ചികിത്സ വേളയില്‍ ബെര്‍ലിനില്‍ എത്തിയിരുന്നു.
ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികള്‍ക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യവുമുണ്ട്. 3,011 കിടക്കകളുള്ള ക്ലിനിക്കില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ആശുപത്രയില്‍ നിന്നും ലേസര്‍ ചികിത്സ നല്‍കിയതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിക്ക് ബംഗളുരുവില്‍ തുടര്‍ചികിത്സ നിര്‍ദ്ദേശിച്ചത്. ഇതാണ് ഇപ്പോള്‍ വൈകുന്നതും. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഉമ്മന്‍ ചാണ്ടിക്ക് എത്രയും വേഗം തുടര്‍ ചികിത്സ ലഭ്യമാക്കണം എന്ന പക്ഷക്കാരാനാണ്. മുന്‍ മുഖ്യമന്ത്രിയുടെ വിദേശ ചികിത്സയുടെ ചെലവ് വഹിച്ചതും കെപിസിസിയാണ്.