ക്ലാസ്മുറിക്ക് പുറത്ത് ആശയങ്ങളെ ആധുനിക ലോകത്തിന്‍റെ അടയാളങ്ങളാക്കി ശ്രദ്ധ നേടുകയാണ് ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍
തൊടുപുഴ: ക്ലാസ്മുറിക്ക് പുറത്ത് ആശയങ്ങളെ ആധുനിക ലോകത്തിന്‍റെ അടയാളങ്ങളാക്കി ശ്രദ്ധ നേടുകയാണ് ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെയും നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഇവര്‍ വികസിപ്പിച്ച സംവിധാനങ്ങള്‍ നാളെയുടെ പ്രതീക്ഷകളായി വിലയിരുത്തപ്പെടുന്നു. സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന ബൈക്ക് ആക്സിഡന്‍റ് ഡിറ്റക്ടര്‍, റോബോട്ടിക് ഫീഡര്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഡിമ്മര്‍, സ്മാര്‍ട്ട് മെഡിസിന്‍ ബോക്സ്, ഓട്ടോമാറ്റിക് ദോശ നിര്‍മാണ യൂനിറ്റ് എന്നിവയാണ് കോളജിലെ 27 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് വ്യവസായിക പരിശീലനം നല്‍കുന്നതിന് ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജും ഐ.ഐ.ടി മദ്രാസ് ഇന്‍കുബേഷന്‍ സെല്ലും സംയുക്തമായി ആരംഭിച്ച പ്രോജക്‌ട് അധിഷ്ഠിത പഠനരീതിയായ എല്‍.ഇ.എ.പിയുടെ (ലേണിങ് എന്‍ജിനീയറിങ് ത്രോ ആക്ടിവിറ്റി പ്രോഗ്രാം-ലീപ്) ഭാഗമായാണ് കോളജിലെ വിവിധ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 27 രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ പ്രവര്‍ത്തന മാതൃകകള്‍ നിര്‍മിച്ചത്. ഇതില്‍ ബൈക്ക് ആക്സിഡന്‍റ് ഡിറ്റക്ടര്‍ ഒന്നാം സ്ഥാനവും റോബോട്ടിക് ഫീഡര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാര്‍ഥികളായ ആദിത്യന്‍, ഹാഫിസ് മുഹമ്മദ്, ആദിത്യ, അമല്‍ഷാ, പ്രിയാഷ എന്നിവര്‍ ചേര്‍ന്നാണ് ബൈക്ക് ആക്സിഡന്‍റ് ഡിറ്റക്ടര്‍ വികസിപ്പിച്ചത്. നിരവധി സെന്‍സറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഡിറ്റക്ടര്‍, ഒരു ബൈക്ക് അപകടത്തില്‍പെട്ടാല്‍ അപകടസ്ഥലം കൃത്യമായി നിര്‍ണയിച്ച് നിരവധി നമ്ബറുകളിലേക്ക് സ്വയം സന്ദേശം അയക്കുന്നതിനൊപ്പം മുമ്പ് സേവ് ചെയ്ത ഒരു നമ്ബറില്‍ വിളിച്ച് വിവരം നല്‍കുകയും ചെയ്യും. വൈഷ്ണവ്, അമല്‍ ഷാജി, വിസ്മയ, റിന്‍ഷ, മാനുവല്‍ സണ്ണി എന്നിവര്‍ ചേര്‍ന്നാണ് റോബോട്ടിക് ഫീഡര്‍ നിര്‍മിച്ചത്.
ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും എളുപ്പത്തില്‍ ഭക്ഷണം നല്‍കാന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. ഇതിലെ റോബോട്ടിക് കൈ സ്പൂണില്‍ ഭക്ഷണം എടുത്ത് വായുടെ അറ്റം വരെ എത്തിക്കും. എതിരെ വരുന്ന വാഹനം കാമറയിലൂടെ കണ്ടെത്തി ഹെഡ്ലൈറ്റുകള്‍ താനേ ഡിം ചെയ്യുന്നതാണ് ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഡിമ്മര്‍.
പഠനത്തിരക്കിനിടയിലും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ലഭിച്ച അവസരം വിദ്യാര്‍ഥികള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തിയെന്ന് കോളജിലെ കമ്ബ്യൂട്ടര്‍ സയന്‍സ് മേധാവിയും ലീപ് കോഓഡിനേറ്ററുമായ ഡോ. റീന നായര്‍ പറഞ്ഞു.