വിനയായി ഹിൻഡൻബർഗ് റിപ്പോർട്ട്; ആദ്യ 10 സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്
ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ലോകത്തിലെ ഏറ്റവും ധനികരായ 10 പേരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പുറത്ത്. റിപ്പോർട്ടുകൾ പ്രകാരം ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനവും നഷ്ടമാകും. ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയാണ് അദാനി നേരിടുന്ന വെല്ലുവിളി. ബ്ലൂംബെർഗ് പട്ടികയിൽ അദാനി നാലാം സ്ഥാനത്ത് നിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് എത്തിയത്. വെറും മൂന്ന് ദിവസത്തിനുള്ളിൽ അദാനിക്ക് 34 ബില്യൺ ഡോളറിന്‍റെ ഇടിവാണ് ഉണ്ടായത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയേക്കാൾ ഒരു പടി മാത്രം മുന്നിലാണ് നിലവിൽ അദാനി. 84.4 ബില്യൺ ഡോളറാണ് അദാനിയുടെ മൂല്യം. മുകേഷ് അംബാനിയുടെ മൂല്യം 82.2 ബില്യൺ ഡോളറാണ്. അതേസമയം, അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി ഹിൻഡൻബർഗ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പിലെ ക്രമക്കേടുകൾ പറയുന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ വലിയ തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഓഹരി വിപണിയിൽ ഒറ്റ ദിവസം കൊണ്ട് 74,000 കോടി രൂപയുടെ ഇടിവാണ് അദാനി ഗ്രൂപ്പിന് ഉണ്ടായത്.