പ്രബന്ധത്തിലെ പിഴവ് സാന്ദർഭികം; ഖേദം പ്രകടിപ്പിച്ച് ചിന്ത ജെറോം
ഇടുക്കി: ഗവേഷണ പ്രബന്ധത്തിലെ പിശകിൽ ഖേദം പ്രകടിപ്പിച്ച് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. ഗവേഷണ പ്രബന്ധത്തിലെ പിശക് സാന്ദർഭികമാണ്. തെറ്റ് ചൂണ്ടിക്കാണിച്ച വിമർശകരോട് നന്ദിയുണ്ടെന്നും ചിന്ത പറഞ്ഞു.
വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് തെറ്റായി എഴുതിയതിന്റെ പേരിൽ അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധ പരാമർശങ്ങളും നേരിട്ടു. ഇക്കാര്യത്തിൽ സംഭവിച്ചത് മാനുഷിക പിശകും നോട്ടപ്പിശകുമാണ്. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായി. പുസ്തക രൂപത്തിലാക്കുമ്പോൾ പിശക് തിരുത്തുമെന്നും ചിന്ത വ്യക്തമാക്കി.
വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയാണെന്ന് പ്രചരിപ്പിക്കണമായിരുന്നോയെന്ന് എല്ലാവരും ആലോചിക്കണം. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്ത വിശദീകരിച്ചു.
അതേസമയം ചിന്ത ജെറോമിന്‍റെ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനാണ് കേരള സർവകലാശാലയുടെ ആലോചന. പ്രബന്ധത്തിലെ ഗുരുതരമായ പിശകുകളും കോപ്പിയടിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ പിശക് തിരുത്താനോ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല.