രാജ്യത്തെ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി
കുവൈത്ത് സിറ്റി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി. സര്‍ക്കാറിന്‍റെ പുതിയ കണക്ക് പ്രകാരം തൊഴില്‍ വിപണിയില്‍ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തില്‍ എത്തിയതായി പ്രാദേശിക മാധ്യമം അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.പൊതു-സ്വകാര്യ മേഖലകളില്‍ 4,83,803 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1,84,953 പുരുഷന്മാരും 2,53,850 സ്ത്രീകളുമാണ്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തിയിട്ടും തൊഴില്‍ വിപണിയില്‍ സ്വദേശി പൗരന്മാരുടെ വര്‍ധന പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ ജനസംഖ്യ ക്രമീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി പ്രവാസി അവിദഗ്ധ തൊഴിലാളികളെ കുറക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. വിദേശി നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതരെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ പതിനഞ്ചര ലക്ഷം പ്രവാസികള്‍ കുവൈത്തില്‍ വിവിധ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്.