ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ നാലുമുക്ക് ഗവ.ഹൈസ്കൂളും സുവർണ്ണ ജൂബിലി നിറവിലാണ്.
ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് ‘വീണ്ടും വിദ്യാലയത്തിലേയ്ക്ക്’ എന്ന പേരിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം ഒരുക്കിയത്. സുവർണ്ണ ജൂബിലി ആഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.മനോജ് ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകൾക്കിപ്പുറവും അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങൾക്ക് യാതൊരു കോട്ടവുമില്ലാതെ പഴയ തലമുറ വിശേഷങ്ങൾ പങ്കുവച്ചു.
സ്കൂളിലെ ഭിത്തിയിൽ ഒരുക്കിയ പഴയ ഫോട്ടോയിൽ തങ്ങളുടെ ചിത്രം കണ്ടു പിടിക്കുവാനും അതിനൊപ്പം സെൽഫി എടുക്കുവാനും ഏവരും തിരക്കുകൂട്ടി. പ്രിയ അധ്യാപകരും കൂട്ടുകാരുമായുമുള്ള സുന്ദര നിമിഷങ്ങളുടെ സന്തോഷത്തിനാണ് സംഗമം അവസരമൊരുക്കിയത്. സ്കൂളങ്കണത്തിൽ രാവിലെ നടന്ന പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമ പരിപാടി ഗ്രാമപഞ്ചായത്തംഗം ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ഗുരുവന്ദനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും നാലുമുക്ക് സ്കൂളിലെ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ സ്കൂൾ സ്ഥാപക വ്യക്തിത്വങ്ങളെയും കുടുംബങ്ങളെയും പൂർവ്വാധ്യാപകരെയും ആദരിച്ചു. ആദ്യ ഹെഡ്മാസ്റ്റർ എം എൻ ശിവരാമൻ, സ്കൂളിന് സ്ഥലം സംഭാവന നല്കിയ ശിവരാമൻ കടപ്ലാക്കൽ, ലൂക്കോസ് തച്ചാപറമ്പിൽ, പൂർവ്വ അധ്യാപക- വിദ്യാർത്ഥി പ്രതിനിധികൾ, പി ടി എ പ്രസിഡന്റ് വിഎസ്.ശശി, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഷിസൽ കുര്യൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.