വൈദ്യുതി മേഖല ഉൾപ്പെടെ രാജ്യത്തിൻ്റെ എല്ലാ സമ്പത്തും വിദേശ കോർപറേറ്റുകൾക്ക് മോദി സർക്കാർ വിൽക്കുകയാണെന്ന് എഐറ്റിയുസി സംസ്ഥാന പ്രസിഡൻ്റ് ജെ. ഉദയഭാനു .
ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ്റെ വാർഷിക സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ കർഷക ഭൂമി സ്വകാര്യ കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താൻ എടുത്ത സമീപനമാണ് മോദി സർക്കാരും പുതിയ കാർഷിക നിയമത്തിലൂടെ നടപ്പാക്കാൻ ശ്രമിച്ചതെന്നും ജെ.ഉദയഭാനു കൂട്ടിച്ചേർത്തു.
കട്ടപ്പന ടൗൺ ഹാളിൽ നടന്ന ഇടുക്കി ജില്ലാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ എഐറ്റിയുസിയുടെ വാർഷിക സമ്മേളനത്തിന് വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിച്ചു. പതാക ഉയർത്തലോടെയാണ് സമ്മേളനം ആരംഭിച്ചത്.
നിർമാണ നിരോധനം മൂലം ഈ മേഖലയിലെ ജോലികൾ സ്തംഭനാവസ്ഥയിലായതിന് സർക്കാർ അടിയന്തിരമായി പരിഹാരം ഉണ്ടാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എഐറ്റിയുസി ജില്ലാ സെക്രട്ടറി പി മുത്തുപാണ്ടി, നേതാക്കളായ ആർ. വിനോദ് , വി.ആർ.ബാലകൃഷ്ണൻ, റ്റി.ആർ ശശിധരൻ, രഘു കുന്നുംപുറം, എ.എം. ചന്ദ്രൻ , ആശ ആന്റണി, ലീലാമ്മ വിജയപ്പൻ, കെ.ആർ.ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. നിർമ്മാണ, ക്ഷേമനിധി മേഖലയിൽ നിന്നുള്ള നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.