ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം
ഡല്‍ഹി: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം. ഡല്‍ഹിയിലെ ബിര്‍ല ഹൗസിനടുത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വര്‍ഗീയകലാപങ്ങള്‍ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.
1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ മഹാത്മാഗാന്ധിയുടെ ജീവനെടുക്കുന്നതില്‍ വിജയിച്ചത്. ജനുവരി 20 ന് ഡല്‍ഹിയിലെ ബിര്‍ലാഹൗസിനടുത്ത് ഒരു പാര്‍ക്കില്‍ പൊതുപ്രസംഗത്തിനിടെ ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആര്‍ എസ് എസിലും ഹിന്ദുമഹാസഭയിലും പ്രവര്‍ത്തിച്ച നാഥുറാംവിനായക് ഗോഡ്സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ഗാന്ധി സംസാരിക്കുമ്ബോള്‍ ഗോഡ്സെയുടെ സംഘത്തിലെ ഒരാള്‍ ഒരു ഗ്രനേഡ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ദൂരേക്ക് എറിയുന്നു. സ്ഫോടന ശബ്ദം കേട്ട് ആളുകള്‍ ചിതറിയോടി. അപ്പോള്‍ ഗാന്ധിയ്ക്ക് നേരെ ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ആ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മദന്‍ലാല്‍ പഹ്വയ്ക്ക് കൃത്യം ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാം ഗ്രനേഡ് എറിയാതെ അയാള്‍ ഓടിപ്പോയി.
ഈ സംഭവത്തിന് ശേഷം വെറു പത്തു ദിവസത്തിന് ശേഷമാണ് ബിര്‍ല ഹൗസിനടുത്ത് തന്നെ പ്രാര്‍ത്ഥനാപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അല്‍പം നീണ്ടുപോയ ഗാന്ധി പ്രാര്‍ത്ഥനയ്ക്ക് അല്‍പം വൈകിയാണ് ഇറങ്ങുന്നത്. സന്തത സഹചാരികളായ മനു ഗാന്ധി, ആഭ ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് ഗാന്ധി നടന്നു നീങ്ങിയത്. 200 അടിയായിരുന്നു ഗാന്ധിയുടെ അവസാന സഞ്ചാരത്തിന്‍റെ ദൈര്‍ഘ്യം . ആള്‍ക്കൂട്ടത്തില്‍ നിന്ന് തിക്കിത്തിരക്കി തന്‍റെ മുന്നിലേക്ക് വന്ന ഗോഡ്സേയുടെ മുന്നില്‍ ആ യാത്ര അവസാനിച്ചു.
ഗാന്ധി ഇപ്പോള്‍ത്തന്നെ വൈകിയിരിക്കുന്നു ദയവായി വഴിമാറൂവെന്ന് പറഞ്ഞ മനു ഗാന്ധിയെ ഇടതുകൈകൊണ്ട് തള്ളിമാറ്റിയ ഗോഡ്സെ വലതുകൈയിലുണ്ടായിരുന്ന ഇറ്റാലിയന്‍ ബെരെറ്റ പിസ്റ്റള്‍ കൊണ്ട് ഗാന്ധിയുടെ മാറിലും അടിവയറ്റിലുമായി നിറയൊഴിച്ചു. മൂന്ന് വെടിയുണ്ടകളും ഏറ്റുവാങ്ങുമ്ബോഴും ഗാന്ധി തൊഴുകൈകളഉമായി നില്‍ക്കുകായിരുന്നു. രണ്ട് തവണ ദൈവനാമം ഉച്ഛരിച്ച അദ്ദേഹം തറയിലേക്ക് മറിഞ്ഞ് വീണു. ഗാന്ധി മരിക്കുമ്ബോള്‍ സമയം പതിനേഴ് മണികഴിഞ്ഞ് പതിനേഴ് മിനിറ്റുകളായിരുന്നു.