വീണ്ടും വിദ്യാലയത്തിലേയ്ക്ക് അവർ ഒന്നിച്ചു കൂടി;ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ നാലുമുക്ക് ഗവ.ഹൈസ്കൂളും സുവർണ്ണ ജൂബിലി നിറവിലാണ്
ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ നാലുമുക്ക് ഗവ.ഹൈസ്കൂളും സുവർണ്ണ ജൂബിലി നിറവിലാണ്. ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് വീണ്ടും വിദ്യാലയത്തിലേയ്ക്ക് എന്ന പേരിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം ഒരുക്കിയത്. സുവർണ്ണ ജൂബിലി ആഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസി. എം.ടി.മനോജ് ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകൾക്കിപ്പുറവും അധ്യാപക-വിദ്യാർത്ഥിബന്ധങ്ങൾക്ക് യാതൊരു കോട്ടവുമില്ലാതെ പഴയ തലമുറ വിശേഷങ്ങൾ പങ്കുവച്ചു.
സ്കൂളിലെ ഭിത്തിയിൽ ഒരുക്കിയ പഴയ ഫോട്ടോയിൽ തങ്ങളുടെ ചിത്രം കണ്ടു പിടിക്കുവാനും അതിനൊപ്പം സെൽഫി എടുക്കുവാനും ഏവരും തിരക്കുകൂട്ടി. പ്രീയ അധ്യാപകരും കൂട്ടുകാരുമായുമുള്ള സുന്ദര നിമിഷങ്ങളുടെ സന്തോഷത്തിനാണ് സംഗമം അവസരമൊരുക്കിയത്. സ്കൂളങ്കണത്തിൽ രാവിലെ നടന്ന
പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമ പരിപാടി ഗ്രാമപഞ്ചായത്തംഗം ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുവന്ദനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും നാലുമുക്ക് സ്കൂളിലെ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസി.ജിൻസൺ വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ സ്കൂൾ സ്ഥാപക വ്യക്തിത്വങ്ങളെയും ‘കുടുംബങ്ങളെയും പൂർവ്വാധ്യാപകരെയും ആദരിച്ചു. ആദ്യ ഹെഡ്മാസ്റ്റർ എം എൻ ശിവരാമൻ, സ്കൂളിന് സ്ഥലം സംഭാവന നല്കിയ ശിവരാമൻ കടപ്ലാക്കൽ, ലൂക്കോസ് തച്ചാപറമ്പിൽ, പൂർവ്വ അധ്യാപക- വിദ്യാർത്ഥി പ്രതിനിധികൾ, പി ടി എ പ്രസി. വിഎസ്.ശശി, പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഷിസൽ കുര്യൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ നാലുമുക്ക് ഗവ.ഹൈസ്കൂളും സുവർണ്ണ ജൂബിലി നിറവിലാണ്. മണ്ണിൻ്റെ മണമറിഞ്ഞ മനുഷ്യരുടെ സ്നേഹം കൊണ്ടൊരുക്കിയ ഈ സർക്കാർ വിദ്യാലയത്തിന് ഇന്നും അമ്പതിൻ്റെ ചെറുപ്പമാണ്.
മണ്ണിനോട് മല്ലിടുന്നതിനിടയിൽ ഹൈറേഞ്ച്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലം. പഠിക്കണമെങ്കിൽ ഇരട്ടയാറോ നെല്ലിപ്പാറയോ പോകണമായിരുന്നു. അങ്ങനെയിരിക്കെ അന്നത്തെ എംഎൽഎ ആയിരുന്ന KT ജേക്കബ് ചികിത്സക്കായി ഈ നാട്ടിലെത്തി. ആ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യത്തെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് കോയ സ്കൂളിന് അനുമതി നല്കി. നാലുമുക്ക് സ്കൂൾ അനുവദിച്ചുള്ള ഓർഡർ 8 -10 -1973നു ഇറങ്ങി. പക്ഷേ സ്കൂളിന് ആവശ്യമായ ഒരേക്കർ സ്ഥലവും കെട്ടിടവും കണ്ടെത്തി നല്കണം എന്നതായിരുന്നു വ്യവസ്ഥ. ഈ വിഷമ സന്ധിയെ മറികടക്കാൻ സന്മനസ്സുള്ള നാട്ടുകാർ ഒരുമിച്ചു നിന്നു. കടപ്ലാക്കൽ കേളൻ 25 സെന്റ് സ്ഥലം സ്കൂളിനു സംഭാവന നൽകി ബാക്കി 50 സെന്റ് സ്ഥലം തറയിൽ വർക്കി എന്ന വ്യക്തിയോട് ഏക്കറിന് 4000 രൂപ വിലവച്ച് വെള്ളറയിൽ കുട്ടപ്പൻ, ഔസേപ്പ് പണ്ണൂർ മത്തായി ജോസഫ് ചക്കാലയിൽ, ജോസഫ് താന്നിക്കൽ എന്നിവർ ചേർന്ന് വാങ്ങി. ബാക്കി 25 സ്ഥാനത്ത് സെന്റ് സ്ഥലം ഏക്കറിന് 6000 രൂപ വിലവച്ച വർക്കി തറയിൽ എന്ന വ്യക്തിയോട് ലൂക്കോസ് തച്ചാംപറമ്പത്ത്, ചാണ്ടി പാലക്കുഴ എന്നിവർ ചേർന്ന് വാങ്ങി. തറയിൽ വർക്കി സംഭാവനയും നൽകി. അങ്ങനെ ഒരേക്കർ സ്ഥലം സ്കൂളിനായി കണ്ടെത്തി ചാക്കോ പുന്നപ്ലാക്കൽ പ്രസിഡണ്ട് ആയി അവിരാ പാത്തിക്കൽ , അവിരാ തോമസ് ചീരങ്കുന്നേൽ, അയ്യൻ കുട്ടപ്പൻ വെള്ളറയിൽ എന്നിവരടങ്ങിയ ഒരു കമ്മറ്റി രൂപീകരിച്ച സ്കൂളിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ഉടുമ്പൻചോലയുടെ AEO യുടെ നിർദ്ദേശപ്രകാരം എം എൻ ശിവരാമൻ സാർ ഹെഡ്മാസ്റ്റർ ആയി 20 12 1973 ഡിസം. 20ന് ചാർജെടുത്തു. ഒരു അധ്യായനവർഷത്തിന്റെ പാതിയിൽ വച്ച് കുട്ടികളെ സ്കൂളിൽ ചേർക്കുക ശ്രമകരമായിരുന്നു ശാന്തിഗ്രാം ഇടിഞ്ഞമല പാറക്കടവ് എന്നീ സ്ഥലങ്ങളിലെ വീടുകളിൽ കയറി 35 കുട്ടികളെ ചേർത്ത് ഒരു ഷെഡ്ഡിൽ ഡിസംബർ 20ന് ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. പിന്നീട് താൽക്കാലിക ഷെഡ് പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങി. ആ സമയത്ത് അമ്പാറ പാപ്പച്ചന്റെ കെട്ടിടത്തിൽ ഒരു വർഷത്തോളം ഒന്നും രണ്ടും ക്ലാസുകൾ പ്രവർത്തനം നടത്തി. കമ്മറ്റിക്കാരുടെ സഹായത്തോടെ പല ഘട്ടങ്ങളിലായി പിരിവെടുത്ത് കെട്ടിടം പണി പൂർത്തിയായപ്പോൾ യുപിയ്ക്ക് അനുമതി ലഭിച്ചു.
ശാന്തിഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനം നിലച്ചതോടെ നാലുമുക്ക് സ്കൂളുമായി ലയിപ്പിച്ചു കേരള ചരിത്രത്തിൽ ഇത് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം. അങ്ങനെ1998ൽ ഇവിടെ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങി. ഒരോ കാലഘട്ടത്തിലും പ്രവർത്തനസന്നതരായിരുന്ന അധ്യാപകർ പിടിഎ, ജില്ലാ പഞ്ചായത്ത്, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ,ബിആർസി കട്ടപ്പന, ഡിപി ഫണ്ട് എന്നിവയുടെ സഹായവും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ മികച്ച പങ്കുവഹിക്കുന്നു. ഇന്നിപ്പോൾ 120 വിദ്യാർത്ഥികളുമായി തുടരുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ 13 വർഷമായി എസ് എസ് എൽ സി ക്ക് നൂറുമേനി വിജയമായിരുന്നു എന്നതും സുവർണ്ണ ജൂബിലി നിറവിലുള്ള സർക്കാർ സ്കൂളിന് അഭിമാന നേട്ടമാണ്.