ജനം സഹകരിച്ചു; ‘ലോക്ഡൗൺ’ കർശനം,തോട്ടം മേഖലയിൽ സമ്പൂർണ അടച്ചിടൽ
കോവിഡ് വ്യാപനത്തിനു പിന്നാലെ എത്തിയ കർശന നിയന്ത്രണ ദിനം ജില്ലയിൽ ലോക്ഡൗണിനു സമാനമായി. നിയന്ത്രണങ്ങളോട് പൊതുവേ അനുകൂലമായാണു ജനങ്ങൾ പ്രതികരിച്ചത്. പലചരക്ക്, പച്ചക്കറി, പഴങ്ങൾ തുടങ്ങി അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും ബേക്കറികളും മെഡിക്കൽ സ്റ്റോറുകളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. എല്ലാ മേഖകളിലും ഹോട്ടലുകളും റസ്റ്ററന്റുകളും പാഴ്സൽ, ഹോം ഡെലിവറി സേവനം മാത്രമായി പ്രവർത്തിച്ചു.
നിരത്തുകളിൽ തിരക്ക് തീരെ കുറവായിരുന്നു. രാവിലെ മുതൽ ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തി. അവശ്യ സർവീസ് വിഭാഗത്തിൽപെട്ട ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് പരിശോധിച്ചു യാത്ര അനുവദിച്ചു. ജില്ലയിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ചുരുക്കം സർവീസുകൾ മാത്രമാണു നടത്തിയത്. തൊടുപുഴയിൽ 4 സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.
തോട്ടം മേഖലയിൽ സമ്പൂർണ അടച്ചിടൽ
സാധാരണ ഹർത്താൽ ദിനങ്ങളിൽ തോട്ടങ്ങൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്നലെ തേയിലത്തോട്ടങ്ങളിലും തൊഴിലാളികൾ പണിക്കിറങ്ങാതെ വീടുകളിൽ തന്നെ തുടർന്നു. ചെറുകിട പ്ലാന്റുകളും വ്യാപര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചില്ല. വിനോദ സഞ്ചാരികളും എത്താത്തതോടെ ചെറുകിട കച്ചവടങ്ങളും അടച്ചുപൂട്ടി.
താഴു വീണ് ടൂറിസം മേഖല
കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ആളൊഴിഞ്ഞ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ അടഞ്ഞുകിടന്നു. ഡിടിപിസിക്കു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം നാഷനൽ പാർക്കുകളും തുറക്കില്ലെന്നു അറിയിച്ചിരുന്നു.