നാട്ടുവാര്‍ത്തകള്‍പീരിമേട്
ഉപ്പുതറയിൽ സംസ്ഥാനപാതയുടെ വശങ്ങളിൽ നടത്തിയ കോൺക്രീറ്റ് മഴവെള്ളത്തിൽ ഒലിച്ചുപോയി


ഉപ്പുതറ : സംസ്ഥാനപാതയുടെ വശങ്ങളിൽ നടത്തിയ കോൺക്രീറ്റ് മഴവെള്ളത്തിൽ ഒലിച്ചുപോയി. തേക്കടി-കൊച്ചി സംസ്ഥാനപാതയിലെ മാട്ടുത്താവളത്താണ് റോഡിന്റെ ഒരുവശത്തെ കോൺക്രീറ്റ് മഴവെള്ളത്തിൽ ഒലിച്ചുപോയത്.
ടാറിങ്ങിന്റെ സംരക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞ ദിവസമാണ് ഇവിടെ കോൺക്രീറ്റ് ചെയ്തത്. സിമന്റ് അടക്കമുള്ള സാമഗ്രികൾ മതിയായ അളവിൽ ഉപയോഗിക്കാത്തതാണ് കോൺക്രീറ്റ് ഒലിച്ചുപോകാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. മാട്ടുത്താവളം എസ്.എൻ.ഡി.പി.ഓഫീസിന്റെ എതിർവശത്തെ കോൺക്രീറ്റാണ് ഒലിച്ചുപോയത്. കണിമേട്ടിൽനിന്നുണ്ടായ ശക്തമായ വെള്ളമൊഴുക്കാണ് കോൺക്രീറ്റ് ഒലിച്ചുപോകാൻ കാരണം. ഇതിനുപരിഹാരം കണ്ടില്ലെങ്കിൽ തുടർന്നും റോഡ് തകരാൻ ഇടയാക്കും. സംസ്ഥാനപാതയുടെ ഭാഗമായ വാഗമൺ-പരപ്പ് റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നിർമാണം നടന്നുവരുകയാണ്.