ഏത് തരത്തിലുള്ള പാട്ടും ഉണ്ടാക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ഗൂഗിൾ
കാലിഫോർണിയ: എന്തും ചോദിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആയ ചാറ്റ് ജിപിടി വൈറലായി കൊണ്ടിരിക്കുകയാണ്. ഈ രീതിയിൽ വ്യത്യസ്ത കഴിവുകളുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇന്ന് ഉണ്ട്. അതിലൊന്നാണ് ഗൂഗിൾ പുതുതായി അവതരിപ്പിച്ച മ്യൂസിക് എൽഎം എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്. ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് നമ്മൾ ടൈപ്പ് ചെയ്ത് നൽകുന്ന വിവരണത്തെ അടിസ്ഥാനമാക്കി വിവിധതരം ഗാനങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നിരുന്നാലും, ചാറ്റ് ജിപിടിയെ പോലെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.
2,80,000 മണിക്കൂർ ദൈർഘ്യമുള്ള മ്യൂസിക് ഡാറ്റ ഉപയോഗിച്ചാണ് മ്യൂസിക് എൽഎം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ പരിശീലിപ്പിച്ചിട്ടുള്ളത്. ഇതിനായി, ഏത് തരം സംഗീതമാണ് നമുക്ക് വേണ്ടതെന്ന് ടൈപ്പ് ചെയ്താൽ മാത്രം മതി.
ഉദാഹരണത്തിന്, ‘വയലിൻ, തബല, പുല്ലാങ്കുഴൽ, എന്നിവയുൾപ്പെടെയുള്ള സംഗീത ഉപകരണങ്ങളുടെ പിന്തുണയോടെ പുരുഷ ശബ്ദത്തിൽ ഒരു ഗാനം’ എന്ന് നിർദ്ദേശിച്ചാൽ മ്യൂസിക് എൽഎമ്മിന് അതിന് അനുയോജ്യമായ ഒരു ഗാനം സൃഷ്ടിക്കാൻ കഴിയും.