സ്കൂൾ ജീവനക്കാരന്റെ കുട്ടിയുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച്; മാതൃകയായി വിദ്യാർത്ഥികൾ
തിരുവനന്തപുരം : സ്കൂൾ ജീവനക്കാരന്റെ 4 വയസ്സുള്ള മകന്റെ ക്യാൻസർ ചികിത്സയിലേക്ക് പണം കണ്ടെത്തുന്നതിന് ബിരിയാണി ചലഞ്ചിനൊരുങ്ങി വിദ്യാർത്ഥികൾ. കീമോ നൽകാൻ കഴിയാത്തതിനാൽ ഒന്നേകാൽ ലക്ഷം രൂപ ചിലവ് വരുന്ന ഇഞ്ചക്ഷനിലൂടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സ തുടരുന്നത്.
ചികിത്സ, മറ്റ് ചിലവുകൾ എന്നിവയിലേക്കെല്ലാം പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞ അധ്യാപകരും വിദ്യാർത്ഥികളും തങ്ങളാൽ കഴിയുന്നവിധം സഹായിക്കാമെന്നറിയിച്ചുകൊണ്ട് മുന്നോട്ട് വരികയായിരുന്നു. സ്കൂൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ബിരിയാണി ചലഞ്ച് എന്ന ആശയം ഉദിച്ചത്. ഇന്റർവെൽ സമയത്തും, സ്കൂൾ വിട്ട ശേഷവും സമീപത്തെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങി ബിരിയാണി ആവശ്യമുള്ള ആളുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും കുട്ടികൾ തന്നെ. 1,000 പേർക്കുള്ള ബിരിയാണിയുമായി, വരുന്ന 30ന് ചലഞ്ച് നടത്താനാണ് തീരുമാനം.
ഒരു പൊതി ബിരിയാണിക്ക് 100 രൂപ ഈടാക്കി പരമാവധി വിറ്റഴിച്ച്, ലഭിക്കുന്ന തുക മുഴുവൻ കുഞ്ഞിന് നൽകണം എന്നാണ് ഏവരുടെയും ആഗ്രഹം. നാട്ടുകാരുടെ മുഴുവൻ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അധ്യാപകർ അറിയിച്ചു.