സൂര്യനെല്ലി ബിഎല്‍ റാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു
ഇടുക്കി: സൂര്യനെല്ലി ബിഎല്‍ റാമില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു.മഹേശ്വരിയുടെ വീടാണ് ആക്രമിച്ചത്. മഹേശ്വരിയും മകളും വീട്ടിലുള്ളപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മഹേശ്വരിയും മകള്‍ കോകിലയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടര്‍ച്ചയായി പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും ബിഎല്‍ റാമിലും പന്നിയാറിലും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ ബിഎല്‍ റാമില്‍ വീടും പന്നിയാറില്‍ റേഷന്‍ കടയും തകര്‍ന്നു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ ശക്തി വേല്‍ കൊല്ലപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് കാട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് തുടര്‍ച്ചയായി കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബോഡിമെട്ടിന് സമീപം ദേശീയ പാത ഉപരോധിച്ചിരുന്നു.കുറച്ച് നാളുകളായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ കാട്ടാന ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. ഇന്നലെ ബിഎല്‍റാം സ്വദേശി, കുന്നില്‍ ബെന്നിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിന്ന് ബെന്നിയും ഭാര്യയും അത്ഭുതകരമായാണ് രക്ഷപെട്ടത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ബെന്നി നിലവില്‍ ചികിത്സയിലാണ്.
ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍, ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. ഇതോടെ ഇവിടെ നിന്നും പിന്‍വാങ്ങിയ ആന, പന്നിയാര്‍ ഭാഗത്തേയ്ക്ക് എത്തുകയും റേഷന്‍കട തകര്‍ക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കിടെ നാലാം തവണയാണ് അരികൊമ്ബന്‍ ഇതേ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. കാട്ടാന ആക്രമണം പതിവായതോടെ നാട്ടുകാര്‍ അതീവ ആശങ്കയിലാണ്.