അസൂറിലെ നെറ്റ് വർക്ക് തകരാർ; ആഗോള വ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടു
ലണ്ടൻ: ബുധനാഴ്ച ആഗോള വ്യാപകമായി മൈക്രോസോഫ്റ്റിന്‍റെ സേവനങ്ങൾ തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂർ, ഇ-മെയിലായ ഔട്ട്ലുക്ക്, വീഡിയോ കോൺഫറൻസിംഗ് സിസ്റ്റമായ ടീംസ്, ഓൺലൈൻ ഗെയിം എക്സ്ബോക്സ് എന്നിവയുടെ സേവനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. യു.എസ്, യൂറോപ്പ്, ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടു. എന്നാൽ ചൈനയിൽ സേവനങ്ങൾക്ക് തടസ്സമുണ്ടായില്ല.
മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ്ഫോമായ അസൂറിലെ നെറ്റ് വർക്ക് തകരാർ മൂലമാണ് സേവനങ്ങൾ തടസ്സപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നം തിരിച്ചറിഞ്ഞതായും പരിഹരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സേവനങ്ങൾ മുടങ്ങിയെന്ന പരാതിയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ഇന്‍റർനെറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺഡിറ്റെക്ടറിൽ നിന്നുള്ള കണക്കനുസരിച്ച് ആയിരക്കണക്കിനു ആളുകൾക്ക് സേവനങ്ങൾ തടസ്സപ്പെട്ടു. സ്കൂളുകളും ബിസിനസുകളും ഉൾപ്പെടെ ആഗോളതലത്തിൽ 280 ദശലക്ഷത്തിലധികം ആളുകൾ മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നുണ്ട്.
മൈക്രോസോഫ്റ്റിന്‍റെ ത്രൈമാസ ലാഭത്തിൽ 12 ശതമാനം ഇടിവുണ്ടായതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ മാസം 10,000 ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും കമ്പനി തീരുമാനിച്ചിരുന്നു.