വിധവയെന്ന പേരിൽ നാട്ടുകാരുടെ അവഗണന; അമ്മയുടെ പുനർവിവാഹം നടത്തി മകൻ
മഹാരാഷ്ട്ര : ജീവിതപങ്കാളി മരണപ്പെട്ടവരും , വിവാഹബന്ധം വേർപ്പെടുത്തിയവരും പുനർവിവാഹം കഴിക്കുന്നത് സാധാരണമാണെങ്കിലും അതിനെ തെറ്റെന്നും, പാപമെന്നും വ്യാഖ്യാനിക്കുന്നവർ സമൂഹത്തിൽ നിരവധിയാണ്. പ്രത്യേകിച്ച് ഒരു സ്ത്രീ പുനർവിവാഹം ചെയ്യുമ്പോൾ ഇത്തരം വാദങ്ങൾ ശക്തമാകുന്നു.
എന്നാൽ സമൂഹത്തിന്‍റെ എതിർപ്പുകൾ വകവയ്ക്കാതെ, ഒരു മകൻ തന്റെ അമ്മക്ക് പുതിയൊരു ജീവിതം നൽകിയെന്ന മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ നിന്നുള്ള വാർത്ത രാജ്യശ്രദ്ധ നേടുകയാണ്. 23 കാരനായ യുവരാജ് ഷെലെ എന്ന യുവാവാണ് 45 വയസ്സുള്ള അമ്മ രത്നയുടെ പുനർവിവാഹം നടത്തിയത്.
അഞ്ച് വർഷം മുൻപ് ഏകമകൻ യുവരാജിന് 18 വയസ്സുള്ളപ്പോഴാണ് ഒരു റോഡപകടത്തിൽ രത്നക്ക് ഭർത്താവിനെ നഷ്ടമായത്. പിന്നീടുള്ള ജീവിതം അവർ മകനുവേണ്ടി മാറ്റിവച്ചു. എന്നാൽ ജീവിതത്തിൽ അമ്മ അനുഭവിക്കുന്ന ഒറ്റപ്പെടലും, അവഗണനയും തിരിച്ചറിഞ്ഞതോടെയാണ് അമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് യുവരാജ് ചിന്തിക്കുന്നത്. സ്വന്തമായി ജോലി ചെയ്ത് കുടുംബം പുലർത്താൻ പ്രാപ്തി നേടിയതോടെ വിവാഹക്കാര്യം അവതരിപ്പിച്ചു. ആദ്യം എതിർത്തെങ്കിലും, മകന്റെ നിർബന്ധപ്രകാരം രത്ന വീണ്ടും വിവാഹിതയായി.