20 വർഷം ഒരേ പാത്രത്തിൽ ആഹാരം കഴിച്ച് അമ്മ; കാരണം മരണശേഷം തിരിച്ചറിഞ്ഞ് മകൻ
മാതാപിതാക്കളുടെ സഹനങ്ങൾ കണ്ടാണ് നാം വളരുന്നത്. തേഞ്ഞ ചെരുപ്പ് വീണ്ടും ഉപയോഗിക്കുന്ന, പഴക്കമേറിയ പാത്രത്തിൽ തന്നെ ഭക്ഷണം കഴിക്കുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. എന്നാൽ അതിന് പിന്നിലെ കാരണം ആരും അന്വേഷിക്കാറില്ല. ഇത്തരത്തിൽ മാതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുകയാണ് വിക്രം ബുദ്ദനേസൻ എന്ന വ്യക്തി.
20 വർഷത്തോളം ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്ന അമ്മയുടെ ഓർമ്മകളാണ് ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവച്ചത്. ഇതെന്റെ അമ്മയുടെ പാത്രമാണ്, രണ്ട് പതിറ്റാണ്ട് കാലത്തോളം ഈ പാത്രത്തിൽ നിന്നാണ് അമ്മ ഭക്ഷണം കഴിച്ചിരുന്നത്. എന്നെയും ചേച്ചിയുടെ മകളെയും മാത്രമാണ് അതിൽ നിന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചിരുന്നതെന്നും അദ്ദേഹം കുറിച്ചു.
അമ്മ എന്തിനാണ് ആ ശീലം തുടർന്നത് എന്ന് അവരുടെ മരണശേഷം സഹോദരിയിൽ നിന്നാണ് ബുദ്ദനേസൻ തിരിച്ചറിഞ്ഞത്. 1999ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് സമ്മാനമായി കിട്ടിയതായിരുന്നു ആ പാത്രം. അതിനോടുള്ള സ്നേഹത്താലാണ് സ്ഥിരമായി അമ്മ അതിൽ ഭക്ഷണം കഴിച്ചിരുന്നതെന്നും കുറിപ്പിൽ കാണാം. മാതാപിതാക്കളുടെ സ്നേഹം പലപ്പോഴും മക്കൾ തിരിച്ചറിയാറില്ലെന്ന് നിരവധിയാളുകൾ അഭിപ്രായപ്പെട്ടു.