ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയം; ലക്ഷ്യം മണിക്കൂറിൽ 1000 കി മീ വേഗത
ഷാന്‍ഹായ്: കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഷാൻഹായ് പ്രവിശ്യയിലെ ഡാട്ടോങ്ങിൽ നിർമ്മിച്ച പരീക്ഷണ ഹൈപ്പർലൂപ്പ് കുഴൽ വഴി മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ചൈനീസ് അതിവേഗ ട്രെയിനിന്‍റെ ലക്ഷ്യം മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നതാണ്.
പ്രഖ്യാപിച്ചതുപോലെ പദ്ധതി നടപ്പാക്കാൻ സാധിച്ചാൽ കരയിലെ ഏറ്റവും വേഗമേറിയ ഗതാഗത സംവിധാനമായി ഇത് മാറും. പ്രതിരോധ കരാർ കമ്പനിയായ ചൈന എയാറോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷനാണ് പദ്ധതി പരീക്ഷിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നത്. നിലവിൽ രണ്ട് കിലോമീറ്റർ മാത്രമാണ് ഹൈപ്പർ ലൂപ്പ് കുഴലിന്റെ നീളം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് 60 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ അതിവേഗ റെയിൽ ശൃംഖല ചൈനയിലാണ്. ചൈനയ്ക്ക് 42,000 കിലോമീറ്ററിലധികം നീളത്തില്‍ അതിവേഗ റെയിൽ പാതകളുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അതിവേഗ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 400 കിലോമീറ്ററായി ഉയർത്താനാണ് ചൈനീസ് അധികൃതർ പദ്ധതിയിടുന്നത്. അതോടൊപ്പമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യയിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തുന്നത്.