ബ്രസീലിലെ യനോമാമി മേഖലയിൽ ആരോഗ്യ അടിയന്തരാവസ്ഥ
റിയോ: ബ്രസീലിലെ യനോമാമി മേഖലയിൽ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യനോമാമി. അനധികൃത സ്വർണ്ണ ഖനനവുമായി ബന്ധപ്പെട്ട രോഗങ്ങളും പോഷകാഹാരക്കുറവും മൂലം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
തകർന്ന ആരോഗ്യ സേവനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സർക്കാർ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവിൽ വ്യക്തമാക്കി.
തീവ്രവലതുപക്ഷക്കാരനായ ബോൾസനാരോയുടെ ഭരണകാലത്ത് ഇവിടെ കാര്യങ്ങൾ വളരെ മോശമാണെന്ന് ഇതിനകം ആരോപിക്കപ്പെടുന്നു. ബോൾസനാരോയുടെ നാല് വർഷത്തെ ഭരണകാലത്ത് 570 യനോമാമി കുട്ടികൾ ഇവിടെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം കുട്ടികളും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗങ്ങളാൽ ബുദ്ധിമുട്ടിയിട്ടുണ്ട്. ധാരാളം കുട്ടികൾക്ക് പോഷകാഹാരക്കുറവ് ബാധിച്ചു. കൂടാതെ, മലേറിയ, വയറിളക്കം, സ്വർണ്ണ ഖനിയിൽ ഉപയോഗിക്കുന്ന മെർക്കുറി മൂലമുണ്ടാകുന്ന രോഗങ്ങൾ എന്നിവ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ആമസോൺ ജേണലിസം പ്ലാറ്റ്ഫോമായ സുമൗമ പുറത്തുവിട്ടു.