ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം; മേൽനോട്ട സമിതിയെ ഉടൻ പ്രഖ്യാപിക്കും
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍റെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് സ്ഥാനമൊഴിയും. ഭാരവാഹികൾക്കെതിരായ ആരോപണങ്ങളിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. സമിതിയുമായി സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.
മേൽനോട്ട സമിതിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. സമിതി ചുമതലയേൽക്കുന്നത് വരെ ഗുസ്തി ഫെഡറേഷന്‍റെ ടൂർണമെന്‍റുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ കായിക മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതേതുടർന്ന് ഇന്നലെ അയോധ്യയിൽ ചേരാനിരുന്ന ഫെഡറേഷന്‍റെ ജനറൽ ബോഡി യോഗം മാറ്റിവച്ചു.
ബ്രിജ് ഭൂഷണെ അനുകൂലിക്കുകയും സമരം ചെയ്യുന്ന കായികതാരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഫെഡറേഷൻ അസി. സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചിട്ടും തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് തോമർ ഇന്നലെ വീണ്ടും ചൂണ്ടിക്കാണിച്ചിരുന്നു.