എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പ്ലസ്ടു ജയിച്ച് സഹീറ; ഉമ്മയെ കോളേജിൽ അയച്ച് മക്കൾ
കാക്കനാട് : പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ ഉമ്മയെ ഉപരിപഠനത്തിനായ് കോളേജിൽ ചേർത്ത് മക്കൾ. തൃക്കാക്കര ഭാരതമാതാ കോളേജിൽ ബി.എ ഇംഗ്ലീഷ് കോഴ്സിനാണ് സഹീറ എന്ന വീട്ടമ്മ അഡ്മിഷൻ നേടിയത്. ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന മൂത്ത മകൻ മുഹമ്മദ് ബാസിൽ ഷാ, കുസാറ്റിൽ ബി.ടെക് വിദ്യാർത്ഥിയായ ഇളയ മകൻ മുഹമ്മദ് ബാദ്ഷാ എന്നിവരായിരുന്നു ക്യാമ്പസിലെത്താൻ സഹീറക്ക് പ്രചോദനം. വിദേശത്തുള്ള ഭർത്താവും പൂർണ്ണ പിന്തുണ നൽകി.
ഏലൂർ ഇ.എഡ്.ഐ ഡിസ്പെൻസറിക്ക് സമീപം പള്ളിപ്പറമ്പിൽ ബദറുദിന്റെ ഭാര്യയായ സഹീറ പത്താം ക്ലാസ്സും, ഐ.ടി.ഐ ഡിപ്ലോമയും നേടിയിരുന്നു. വീട്ടിലെ ജോലികളെല്ലാം ചെയ്ത ശേഷമുള്ള സമയം പാഴാക്കാതെ വീടിനോട് ചേർന്നുള്ള പാതാളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടർ വിദ്യാഭ്യാസ പദ്ധതി പ്രകാരം പ്ലസ് ടുവിന് ചേർന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ജയിച്ച ഉമ്മിച്ചി വെറുതെ വീട്ടിൽ ഇരിക്കേണ്ട, കോളേജിൽ പൊക്കോളൂ എന്നായി മക്കൾ.
ഉയർന്ന മാർക്കുള്ളതിനാൽ അനായാസം കോളേജിൽ അഡ്മിഷൻ ലഭിച്ചു. പ്രായ വ്യത്യാസമൊന്നുമില്ലാതെ ക്ലാസ്സിലെ കുട്ടികൾക്കെല്ലാം നല്ലൊരു കൂട്ടുകാരിയാണ് സഹീറ. കൂട്ടുകാരോടൊത്ത് മക്കൾക്കൊപ്പം ജന്മദിനം ആഘോഷിക്കാനും സഹീറക്കായി. മൂത്ത മകൻ ജോലിക്ക് പോകുമ്പോൾ ഉമ്മയെ കോളേജിന് മുന്നിൽ ഇറക്കും. ഇളയ മകനോടൊപ്പമാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത്.