പൊലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി; വിശദാംശങ്ങൾ തേടി ഡിജിപി
തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുകാരുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാൻ യൂണിറ്റ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി. പൊലീസ്-ഗുണ്ടാ ബന്ധം പുറത്ത് വന്നതോടെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള കൂടുതൽ പൊലീസുകാർക്കെതിരെ ഡി.ജി.പി നടപടിക്കൊരുങ്ങുന്നത്. അതേസമയം, സംസ്ഥാനത്തൊട്ടാകെ 24 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി. ഗുണ്ടാ ബന്ധത്തിന്‍റെ പേരിൽ നടപടി നേരിട്ട സി.ഐമാർക്ക് പകരം മറ്റ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
പൊലീസ് സേനയിലെ കളങ്കിതരായ ആളുകൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് യൂണിറ്റ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകിയത്.
ഐ.ജിമാർ, ഡി.ഐ.ജിമാർ, സിറ്റി പൊലീസ് കമ്മീഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരാണ് പ്രതിപ്പട്ടിക തയ്യാറാക്കേണ്ടത്. പോക്സോ, ബലാത്സംഗം, വിജിലൻസ് കേസുകൾ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പൊലീസുകാരുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ നേരിട്ട പൊലീസുകാരുടെ വിശദാംശങ്ങളും ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകാലങ്ങളിലെ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കണമെന്നും ഡി.ജി.പി പറഞ്ഞു.