സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ പുതിയ മാനദണ്ഡം നിലവില്‍ വരുമ്പോള്‍ വര്‍ഷങ്ങളായി പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുറത്താകുമെന്ന ആശങ്കയില്‍
ചാവക്കാട്: സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ പുതിയ മാനദണ്ഡം നിലവില്‍ വരുമ്ബോള്‍ വര്‍ഷങ്ങളായി പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുറത്താകുമെന്ന ആശങ്കയില്‍.2000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, വീട്ടില്‍ എ.സി ഉള്ളവര്‍, നാലുചക്ര സ്വകാര്യ വാഹനമുള്ളവര്‍, പ്രതിവര്‍ഷം ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നിവരാണ് സാമൂഹിക ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍നിന്ന് പുറത്താകുക. ചാവക്കാട് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും സര്‍വേ പ്രവര്‍ത്തനം നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
പൂര്‍ത്തീകരിച്ച ഗുണഭോക്തൃ പട്ടിക കൗണ്‍സിലര്‍മാര്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം അന്തിമ തീരുമാനമാവും. അതോടെ വര്‍ഷങ്ങളായി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന നൂറുകണക്കിന് പേരാണ് ഗുണഭോക്തൃ പട്ടികയില്‍നിന്ന് പുറത്താവുക. അടുത്ത സാമ്ബത്തിക വര്‍ഷം മുതല്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല.
നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരെ പുതിയ മാനദണ്ഡങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും പുതിയ അപേക്ഷകളില്‍ മാത്രം ഈ മാനദണ്ഡങ്ങള്‍ ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ചാവക്കാട് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍ കെ.വി. സത്താര്‍ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ മന്ത്രിക്കും നിവേദനം നല്‍കി. വിധവകളായ അമ്മമാര്‍ താമസിക്കുന്നത് മക്കളുടെ കൂടെയാണ്. മക്കള്‍ക്ക് നാലുചക്ര വാഹനം ഉണ്ടെങ്കില്‍ വിധവയായ അമ്മയെ പെന്‍ഷന് പരിഗണിക്കുന്നില്ല. ഇത്തരം മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.