നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ജനുവരി 23ന് നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. 25ന് ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻ മേലുള്ള ചർച്ച നടക്കും.
ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതൽ 8വരെയാണ് ബജറ്റിനെക്കുറിച്ചുള്ള ചർച്ച. ഫെബ്രുവരി 9 ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്ന ചർച്ചയും വോട്ടെടുപ്പും നടക്കും. മാർച്ച് 30വരെയാണ് നിലവിൽ സഭ ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
വായ്പാ പരിധിയിൽ ഇളവ് നൽകാത്തതിലടക്കം നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടാകാൻ സാധ്യതയുണ്ട്.എന്നാൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഗവർണർ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം വർദ്ധിപ്പിക്കുന്ന കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് നീക്കം.