മാലിന്യ സംസ്കരണത്തിന് നിര്‍ബന്ധിത യൂസര്‍ഫീ; ചട്ടങ്ങളില്‍ ഭേദഗതി വരുത്തും
മാലിന്യസംസ്കരണത്തിനുള്ള നിര്‍ബന്ധിത യൂസര്‍ഫീയ്ക്കായി പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. നിര്‍ബന്ധിത യൂസര്‍ഫീയിലൂടെ എല്ലാ വീടുകളേയും സ്ഥാപനങ്ങളേയും മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമാക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ തീരുമാനം. എന്നാല്‍ നിലവിലെ യൂസര്‍ ഫീ ഇടത്തരക്കാരുടെ വീട്ടുനികുതിയിലും കൂടുതലാകുമെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
50 രൂപയാണ് നിലവില്‍ ഓരോ വീട്ടില്‍ നിന്നും യൂസര്‍ ഫീയായി ഈടാക്കുന്നത്. 11000 മുതല്‍ 14000 വീടുകളാണ് ഓരോ പഞ്ചായത്തിലുമുള്ളത്. 40 മുതല്‍ ഘടനയനുസരിച്ച് 48 വരെ സ്റ്റാഫാണ് മാലിന്യ സംസ്കരണത്തിനായി ഓരോ പഞ്ചായത്തിലുമുള്ളത്. അഞ്ചു ലക്ഷം രൂപയാണ് ഇതിനായി നിലവിലെ പഞ്ചായത്ത് ചിലവ്.
പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളില്‍ നിലവിലെ യൂസര്‍ ഫീയ്ക്കായി ഭേദഗതി വരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യ സേവനങ്ങളില്‍ മാലിന്യ സംസ്കരണവും ഉള്‍പ്പെടുമെന്നും, ഇതനുസരിച്ച് നിലവിലെ പഞ്ചായത്ത് കമ്മിറ്റികള്‍ പാസാക്കിയാണ് യൂസര്‍ ഫീ ഈടാക്കുന്നത്. ഇപ്പോള്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും മാലിന്യസംസ്കരണത്തില്‍ ഭാഗമാകുന്നില്ല. ഗ്രാമീണ മേഖലയിലാണ് ഇതു കൂടുതല്‍. 50 രൂപയെന്നത് കൂടുതലാണെന്നാണ് ഇവരുടെ പക്ഷം.
ഗ്രാമീണ മേഖലയിലെ വീടുകളില്‍ വര്‍ഷം അഞ്ഞൂറും അതില്‍ താഴെയുമാണ് വീട്ടു നികുതിയായി ഈടാക്കുന്നത്. നിലവിലെ യൂസര്‍ഫീ അതിനും മുകളില്‍ എത്തുന്നുണ്ട് . ഇതാണ് ആക്ഷേപങ്ങള്‍ക്കിടയാക്കുന്നത്. തനതു ഫണ്ടിലെത്തുന്ന വീട്ടു നികുതി പഞ്ചായത്തുകളിലെ ദൈനംദിന ചിലവുകള്‍ക്കാണ് ചിലവിടുന്നത്. ഇതിനു പുറമേയാണ് ഇപ്പോഴത്തെ യൂസര്‍ ഫീയെത്തുന്നത്.