കെഎസ്‌ആര്‍ടിസിയുടെ ഗവി ഉല്ലാസയാത്ര ബസ് വഴിയില്‍ കുടുങ്ങി
പത്തനംതിട്ട: കെഎസ്‌ആര്‍ടിസിയുടെ ഗവി ഉല്ലാസയാത്ര ബസ് വഴിയില്‍ കുടുങ്ങി. ഇതാദ്യമായല്ല യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് ബസ് വഴിയില്‍ കുടുങ്ങുന്നത്.തിങ്കളാഴ്ച്ച രാവിലെ മൂഴിയാര്‍ ഡാമിന് സമീപമാണ് ബസ് തകരാറിലായത്. എന്‍ജിന്‍ തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും 36 യാത്രക്കാരുമായി എത്തിയ ബസാണ് കാനന പാതയിലകപ്പെട്ടത്. രാവിലെ വഴിയില്‍ കുരുങ്ങിയ സഞ്ചാരികളെ ഉച്ചയോടെയാണ് മറ്റൊരു ബസ് എത്തി കൊണ്ടുപോയത്. ഗവി ഉല്ലാസ യാത്ര ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും ദിവസവും ലാഭകരമായി സര്‍വ്വീസുകള്‍ കെഎസ്‌ആര്‍ടിസിയ്ക്ക് ലഭിക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യാത്രയ്ക്കിടക്ക് ബസ് വഴിയില്‍ കുടുങ്ങുന്നത് ആശങ്കയ്ക്കും ഇടയാകുന്നുണ്ട്.
വെള്ളമോ ഭക്ഷണമോ ഇല്ലാതെ മണിക്കൂറുകളാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിലാകുന്നത്. അതേ സമയം ബസുകള്‍ തകരാറുകള്‍ പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കിയാണ് യാത്രക്കായി തിരിക്കുന്നതെന്നും ഇത്തരത്തിലുളള സംഭവങ്ങള്‍ ഒറ്റപ്പെട്ട കാര്യമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.