സത്യസന്ധതയുടെ ‘ഓണസ്റ്റി ഷോപ്പ്’; ശ്രദ്ധനേടി കുട്ടികളുടെ കച്ചവടക്കാരനില്ലാത്ത കട
അവനവഞ്ചേരി: അവനവഞ്ചേരി ഗവ. എച്ച്.എസ്.എസ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ സ്കൂളിൽ ചെറു കടകൾ തുറന്ന് സത്യസന്ധതയുടെ പാഠങ്ങൾ പഠിക്കുകയാണ്. ‘ഓണസ്റ്റി ഷോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന കടയിൽ കച്ചവടക്കാരനില്ല. ആവശ്യമുള്ള സാധനങ്ങൾ നേരിട്ട് വാങ്ങാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്കൂളിലെ എല്ലാവർക്കും ആവശ്യമായ പേന, പെൻസിൽ, നോട്ട്ബുക്കുകൾ, കളർ പെൻസിൽ, ചാർട്ട് പേപ്പറുകൾ എന്നിവയെല്ലാം ഓണസ്റ്റി ഷോപ്പിൽ ലഭ്യമാണ്. ആവശ്യമുള്ള വസ്തുക്കൾ തിരഞ്ഞെടുത്ത ശേഷം, അവയുടെ വില കടയിലെ ചെറിയ പെട്ടിയിൽ നിക്ഷേപിക്കണം. സ്വയം സേവകരായി സത്യസന്ധമായി വില നൽകുക എന്നതാണ് കടയുടെ മുദ്രാവാക്യം. കാവൽക്കാരനും, കച്ചവടക്കാരനും, നിരീക്ഷണ ക്യാമറയും ഇല്ലാതെ കുട്ടികൾ ഓണസ്റ്റി ഷോപ്പിലൂടെ സത്യസന്ധത പഠിക്കുകയാണെന്ന് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു പറഞ്ഞു.
ആറ്റിങ്ങൽ പൊലീസ് ഇൻസ്‌പെക്ടർ തൻസീം അബ്ദുൾ സമദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ടി.എൻ പ്രഭൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർ രമ്യ സുധീർ, എസ്.എം.സി ചെയർമാൻ കെ. ശ്രീകുമാർ, കമ്മ്യൂണിറ്റി പൊലീസ് ഉദ്യോഗസ്ഥ ശാരിക എന്നിവർ പങ്കെടുത്തു.