കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍
കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍.പൂനെ സ്വദേശിയായ വ്യവസായി പ്രഫുല്‍ ശാര്‍ദ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും (സിഡിഎസ്‌സിഒ) നല്‍കിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോടിക്കണക്കിന് ഇന്ത്യക്കാരാണ് വാക്സിന്‍ സ്വീകരിച്ചത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും അസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ്, കോവോവാക്സ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, ഡോ. റെഡ്ഡീസ് ലാബ് ഇറക്കുമതി ചെയ്യിന്ന സ്പുട്നിക് വി, ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സ്, കാഡില ഹെല്‍ത്ത് കെയറിന്റെ സൈക്കോവ് ഡി (12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക്) തുടങ്ങിയ വാക്സിനുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
കുത്തിവയ്പ് എടുത്ത സ്ഥലങ്ങളില്‍ വേദന, വീക്കം, പനി, ഛര്‍ദ്ദി, ഓക്കാനം, ശരീര വേദന, ക്ഷീണം, ബലക്ഷയം തുടങ്ങിയവ ഈ വാക്സിനുകളുടെ പൊതുവായ പാര്‍ശ്വഫലങ്ങളാണെന്ന് ഐസിഎംആര്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഡോ. ലെയാന സൂസന്‍ ജോര്‍ജും സിഡിഎസ്‌സിഒയുടെ സുശാന്ത സര്‍ക്കാരും നല്‍കിയ മറുപടിയില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ പാര്‍ശ്വഫലങ്ങളുള്ളത് കോവിഷീല്‍ഡിനാണ്. ശരീരത്തില്‍ ചുവന്ന പാടുകള്‍, കാരണങ്ങളില്ലാതെ സ്ഥിരമായ ഛർദ്ദി, കഠിനമായ അല്ലെങ്കിൽ സ്ഥിരമായ വയറുവേദന, ഛർദ്ദിയോടുകൂടിയോ അല്ലാതെയോ തലവേദന, ശ്വാസതടസം, നെഞ്ചുവേദന, കൈകാലുകളിൽ വേദന അല്ലെങ്കിൽ കൈകൾ അമർത്തുമ്പോൾ വീക്കം, ഞരമ്പുകള്‍ തളരല്‍, കണ്ണുകളിലെ വേദന, മങ്ങിയ കാഴ്ച, മാനസിക നിലയിലെ മാറ്റം, ബോധക്ഷയം എന്നിവയാണ് കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍.കുത്തിവയ്പ്പെടുത്ത സ്ഥലത്ത് ചൊറിച്ചില്‍ (ചുണങ്ങ്, ചര്‍മ്മം ചുവക്കല്‍), പേശീ വേദന, സന്ധി വേദന, കുളിര്, കൈകാലുകളിൽ കടുത്ത വേദന, നടുവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കൊവാക്സിൻ സ്വീകരിച്ചവര്‍ക്ക് ഉണ്ടായേക്കാം. ക്ഷീണം, വയറുവേദന, തലകറക്കം, വിറയൽ, വിയർപ്പ്, ജലദോഷം, ചുമ എന്നിവയാണ് കോവാക്സിന്റെ പാര്‍ശ്വഫലങ്ങള്‍. സ്പുട്നിക് വി സ്വീകരിച്ചവരില്‍ കുളിര്, പേശീവേദന, വിശപ്പില്ലായ്മ എന്നിവ ഉണ്ടായേക്കാം. ക്ഷീണം, വിറയൽ, അലസത തുടങ്ങിയവയാണ് കോര്‍ബെവാക്സിന്റെ പാര്‍ശ്വഫലങ്ങളെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.